‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്; പലയിടങ്ങളിലും വെള്ളപ്പൊക്കം
ലൂസിയാന ∙ ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ് ലൂസിയാന, മിസിസിപ്പി മേഖലകളിൽ ശക്തി പ്രാപിച്ചു. തീവ്രതയേറിയ ചുഴലിക്കാറ്റായ കാറ്റഗറി രണ്ടിലേക്കു ഫ്രാൻസീൻ മാറി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 5 മണിയോടെ, ലൂസിയാനയിലെ തെക്കൻ പ്രദേശമായ ടെറെബോൺ പാരിഷിലാണ് ഫ്രാൻസീൻ ആഞ്ഞടിച്ചത്. ഈ വർഷം അമേരിക്കയിൽ വീശിയടിച്ച മൂന്നാമത്തെ ചുഴലിക്കാറ്റാണു ഫ്രാൻസീൻ. ജൂലൈ 8ന് ടെക്സസിലെ മാറ്റഗോർഡയ്ക്കു സമീപം ബെറിൽ, ഓഗസ്റ്റ് 5ന് ഫ്ലോറിഡയിലെ സ്റ്റീൻഹാച്ചിക്ക് സമീപം ഡെബ്ബി എന്നിവയാണു ഇതിനുമുൻപ് ഉണ്ടായത്. ബുധനാഴ്ച രാത്രി ലൂസിയാനയുടെ തീരപ്രദേശത്തേക്ക് നീങ്ങിയപ്പോഴാണു ഫ്രാൻസീൻ കൂടുതൽ ശക്തി പ്രാപിച്ചത്.
2021ൽ ഇഡ ചുഴലിക്കാറ്റ് കാരണം ദക്ഷിണ ലൂസിയാനയിൽ രണ്ടാഴ്ചത്തെ വൈദ്യുതി മുടക്കം ഉണ്ടായശേഷം, സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടം നടപടികളെടുത്തു. ബാക്കപ്പ് ബാറ്ററികളുള്ള സൗരോർജത്താൽ പ്രവർത്തിക്കുന്ന ‘കമ്യൂണിറ്റി ലൈറ്റ്‌ഹൗസുകൾ’ സജ്ജമാക്കിയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും മരുന്നുകൾ സൂക്ഷിക്കാനും ആളുകൾക്ക് ഇടം നൽകും. മേഖലയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.