നിലവിൽവന്നിട്ട് 10 കൊല്ലം; ജൻ ധൻ യോജന ഉപഭോക്താക്കളെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിച്ച് മോദി
ന്യൂഡല്‍ഹി: നിലവില്‍ വന്ന് പത്തുകൊല്ലം പൂര്‍ത്തിയായ കേന്ദ്രപദ്ധതി ‘ജന്‍ ധന്‍ യോജന’യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതില്‍ പദ്ധതി വഹിച്ച പങ്ക് ഏറെ പ്രധാനമാണെന്നും കോടിക്കണക്കിന് ആളുകള്‍ക്ക് അത് അന്തസ്സ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പി.എം.ജെ.ഡി.വൈ.)യുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെയും അനുമോദിച്ചു. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതില്‍ പരമപ്രധാന പങ്കുവഹിച്ച ജന്‍ ധന്‍ പദ്ധതി, കോടിക്കണക്കിനാളുകള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍, യുവാക്കള്‍, അരികുവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് അന്തസ്സ് നല്‍കിയെന്നും മോദി പറഞ്ഞു.
2014 ഓഗസ്റ്റ് 15-ന് നടത്തി സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ജന്‍ ധന്‍ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ആകെയുള്ള 53.13 കോടി ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ 55.6 ശതമാനത്തിന്റെയും ഉടമകള്‍ സ്ത്രീകളാണ്. 66.6 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ-അര്‍ധ ഗ്രാമീണ മേഖലയില്‍നിന്നുള്ളവരുടേതുമാണ്.