ടൂറിസ്റ്റ് ബസുകൾ വെള്ളനിറത്തിൽ ഓടിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് വകുപ്പ്
ടൂറിസ്റ്റ് ബസുകള്‍ക്ക്(കോണ്‍ട്രാക്ട് ക്യാരേജ്) വെള്ളനിറം ഒഴിവാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍(എസ്.ടി.എ.) നിറംമാറ്റം പരിഗണനയ്‌ക്കെത്തിയെങ്കിലും കളര്‍കോഡ് പിന്‍വലിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. സര്‍ക്കാര്‍ അജന്‍ഡയായി അവതരിപ്പിച്ച വിഷയങ്ങളില്‍ സാധാരണ പിന്മാറ്റം ഉണ്ടാകാറില്ല.
അതേസമയം, ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ നിറം ഒക്ടോബര്‍ ഒന്നു മുതല്‍ മുന്നിലും പിന്നിലും മാത്രം മഞ്ഞയിലേക്കു മാറ്റാനും എസ്.ടി.എ. തീരുമാനിച്ചു. ഇരുചക്രവാഹനങ്ങള്‍ക്കു ബാധകമല്ല. ഇവ രണ്ടും ഔദ്യോഗിക ശുപാര്‍ശകളായിട്ടാണ് യോഗം പരിഗണിച്ചത്.
ഒന്‍പത് ജീവനുകള്‍ നഷ്ടമായ വടക്കഞ്ചേരി ബസപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. ഗതാഗതമന്ത്രി മാറിയതോടെയാണ് ഏകീകൃത നിറം മാറ്റാന്‍ നീക്കമുണ്ടായത്. എന്നാല്‍, സര്‍ക്കാര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു.
ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ക്ക് നിലവില്‍ ഏകീകൃത നിറമില്ല. എല്‍ ബോര്‍ഡും സ്‌കൂളിന്റെ പേരുമാണ് തിരിച്ചറിയല്‍മാര്‍ഗം. ഇതു പര്യാപ്തമല്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ എതിര്‍ത്തതിന്റെ പേരില്‍ ഡ്രൈവിങ് സ്‌കൂളുകാരോടുള്ള പകപോക്കലാണ് നിറംമാറ്റമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിറംമാറ്റം സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ വാദം. 30,000 പരിശീലനവാഹനങ്ങളാണ് ഇപ്പോഴുള്ളത്.