പുഞ്ചിരിമട്ടം വാസയോഗ്യമല്ല വിദഗ്ധ സംഘം
കൽപറ്റ: ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ദുരന്തമേഖലകളിലെ വിദഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍ മത്തായി ആണ്.
പുഞ്ചിരിമട്ടത്ത് നിലവിൽ പുഴയോട് ചേർന്ന് വീടുകൾ ഉള്ള ഭാഗത്ത് ആപത്കരമായ സ്ഥിതിയാണുള്ളതെന്നും ഇവിടെ താമസിക്കാത്തതാകും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരന്തമുണ്ടായ പ്രദേശത്ത് സുരക്ഷിത മേഖലകൾ ഏറെയുണ്ടെന്നും സുരക്ഷിതമല്ലാത്ത മേഖലകളെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജോൺ മത്തായി വ്യക്തമാക്കി.
‘ഉരുൾപൊട്ടലുണ്ടായ ദിവസം ചൂരൽമല മേഖലയിൽ കനത്ത മഴയാണ് പെയ്തത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രണ്ടുദിവസംകൊണ്ട് പെയ്തത് 570 മില്ലീലിറ്റർ മഴയാണ്. ഇതൊരു അസാധാരണ സംഭവമാണ്. വയനാടിന്റെയും ഇടുക്കിയുടെയും മഴരീതിയിൽ മാറ്റം വന്നിട്ടുണ്ട്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള ഭാഗങ്ങളാണ് സംഘം പരിശോധിച്ചത്.
കല്ലും മണ്ണും വെള്ളവും ചേർന്നാണ് താഴേക്ക് വന്നത്. ചൂരൽമലയിൽ മിക്ക പ്രദേശങ്ങളും സുരക്ഷിതമാണ്. എന്നാൽ ഇവിടെ പുതിയ നിർമാണ പ്രവൃത്തികൾ നടത്തണമോ എന്ന നയപരമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്മരങ്ങള്‍ ഒഴുകി വന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പാറകളും മരങ്ങളും ഡാം പോലെ അടിഞ്ഞുകൂടി. ഉരുള്‍പൊട്ടലുണ്ടായത് വനമേഖലയിലാണെന്ന് വിദഗ്ധ സംഘം വിലയിരുത്തി.