പഞ്ചാബിൽ മകള്‍ ഒളിച്ചോടി;അച്ഛന്റെയും കൂട്ടാളികളുടെയും പ്രതികാരം കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗംചെയ്ത്
ലുധിയാന: മകള്‍ ഒളിച്ചോടിയതിന്റെ പ്രതികാരത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ മകളുടെ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ യുവതിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശികളായ രവീന്ദര്‍ സിങ്, സഹോദരന്‍ വരീന്ദര്‍ സിങ്, മകന്‍ അമാന്‍ സിങ്, ഇവരുടെ കൂട്ടാളി സന്തോഷ് സിങ് എന്നിവര്‍ക്കെതിരേ ലുധിയാന ടിബ്ബ റോഡ് പോലീസ് കേസെടുത്തു.
മുഖ്യപ്രതിയായ രവീന്ദര്‍ സിങ്ങിന്റെ മകള്‍ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് മകളുടെ കാമുകന്റെ സഹോദരിയെ രവീന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടബലാത്സംഗംചെയ്തത്. ഇതിന്റെ വീഡിയോ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയുംചെയ്തു.
കഴിഞ്ഞ ഏപ്രിലിലാണ് രവീന്ദര്‍ സിങ്ങിന്റെ മകള്‍ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് മകളെ തിരക്കിയാണ് രവീന്ദര്‍ സിങ്ങും കൂട്ടുപ്രതികളും ലുധിയാനയിലെ യുവാവിന്റെ വീട്ടിലെത്തിയത്. മകളെയും കാമുകനെയും ഇവിടെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ രവീന്ദറും കൂട്ടാളികളും യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.