പശ്ചിമ ബംഗാള്‍ മുതിര്‍ന്ന സിപിഎംനേതാവുംമുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു ചെറിയ സര്‍ക്കാര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. 2019-ലാണ് അദ്ദേഹം അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്.
1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ കൊല്‍ക്കത്തയിലാണ് ഭട്ടാചാര്യ ജനിച്ചത്. 1966-ല്‍ സിപിഎമ്മില്‍ പ്രാഥമിക അംഗമായി. 1968-ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971-ല്‍ സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലേയ്ക്കും തുടര്‍ന്ന് 1982-ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1985-ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും 2000-ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു.
1977-ല്‍ ബംഗാള്‍ മന്ത്രിസഭയിലെത്തി. 1996-ല്‍ ആഭ്യന്തര മന്ത്രിയും 1999-ല്‍ ഉപമുഖ്യമന്ത്രിയുമായ ചെയ്ത ബുദ്ധദേവ്, 2000 മുതല്‍ 2011 വരെ മൂന്ന് തവണകളായിട്ടാണ് മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്. 2011-ലെ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങിയപ്പോൾ 34 വര്‍ഷം നീണ്ടുനിന്ന ബംഗാളിലെ സിപിഎം ഭരണകാലത്തിനുകൂടിയാണ് അന്ത്യമായത്.