വഖഫിൽ സർക്കാരിന്റെ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കു

0

ന്യൂഡല്‍ഹി: കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയില്‍ സര്‍വേ നടത്താനുള്ള അധികാരം കളക്ടര്‍ക്ക് നല്‍കുകയും ബോര്‍ഡുകളില്‍ മുസ്ലിം ഇതരരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെ 44 ഭേദഗതികളടങ്ങുന്ന ബില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അവതരിപ്പിക്കുക. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

‘ഞങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കാന്‍ പോകുന്നു. ഇന്ന് ഇത് ലോക്‌സഭയില്‍ അവതരിപ്പിക്കും, എന്നാല്‍ ഇന്നലെ ഉപദേശക സമിതി യോഗത്തില്‍, ഈ ബില്‍ സ്വീകാര്യമല്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞു. ഒരു മുസ്ലീം സംഘടനയുടെയും അഭ്യര്‍ത്ഥന കൂടാതെയാണ് ഈ ബില്‍ അവതരിപ്പിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണ്. ഈ ബില്ലിനെ ഞങ്ങള്‍ എതിര്‍ക്കുമെന്ന് സ്പീക്കറുടെ അധ്യക്ഷതയില്‍ ഇന്നലെതന്നെ പറഞ്ഞിട്ടുണ്ട്. ഇത് ന്യൂനപക്ഷകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു’, ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ബില്ലിനെ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അറിയിച്ചു.

      ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന പ്രധാന ഭേദഗതികള്‍…
  • ഒരു വസ്തുവിനെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരംനല്‍കുന്ന നിയമത്തിലെ 40-ാം വകുപ്പ് ഒഴിവാക്കി
  • അഞ്ചുവര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കുന്ന വ്യക്തി നല്‍കുന്നതേ ഇനി വഖഫ് സ്വത്താകൂ. നിലവില്‍ മുസ്ലിം ഇതരര്‍ക്കും വഖഫ് നല്‍കാം
  • രേഖാമൂലമുള്ള കരാര്‍ (ഡീഡ്) വഴി മാത്രമേ വഖഫ് ഉണ്ടാക്കാനാകൂ. നിലവില്‍ ഡീഡ് വഴിയോ വാക്കാലോ ദീര്‍ഘകാലമായുള്ള ഉപയോഗത്തിലൂടെയോ വഖഫ് ആകുമായിരുന്നു
  • വഖഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം സര്‍വേ കമ്മിഷണറില്‍നിന്ന് ജില്ലാ കളക്ടറിലേക്ക് മാറ്റി
  • വഖഫ് ബോര്‍ഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാം
  • കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര വിഭാഗക്കാരെയും മുസ്ലിം വനിതകളെയും ഉള്‍പ്പെടുത്തും
  • വഖഫ് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണ, കാര്യക്ഷമതാ, വികസന നിയമം എന്നാകും
  • മക്കളുടെപേരില്‍ സ്വത്തുക്കള്‍ വഖഫാക്കുമ്പോള്‍ (വഖഫ്-അലല്‍-ഔലാദ്) സ്ത്രീകള്‍ ഉള്‍പ്പെടെ ആരുടെയും പിന്തുടര്‍ച്ചാവകാശം ഇല്ലാതാവില്ല
  • സര്‍ക്കാര്‍ വസ്തുവകകള്‍ ഇനി വഖഫ് സ്വത്താവില്ല
  • ബോറ, അഘാഖനി വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് ബോര്‍ഡുകള്‍
  • ബോര്‍ഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി
  • വഖഫ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വഴി, മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം
Spread the love

Leave a Reply

Your email address will not be published. Required fields are marked *