റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ;വലയില്‍ വീണത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന്റെ വലയില്‍ വീണത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍. മികച്ച നിലയില്‍ വിദ്യാഭ്യാസം നേടിയ മക്കളുള്ള വിരമിച്ച ഉദ്യോഗസ്ഥരുടെ സമ്പാദ്യത്തില്‍ നല്ലൊരു പങ്കും സംഘം കൈക്കലാക്കി. കോവിഡുകാലത്ത് നടക്കാതെപോയ ഉദ്യോഗനിയമനങ്ങള്‍ റെയില്‍വേ പുനരാരംഭിച്ചതായും അത് വേഗത്തിലാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായുമാണ് തട്ടിപ്പുകാര്‍ പറഞ്ഞത്.
ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം സ്വീകരിച്ചാണ് നിയമനമെന്നും ആ തുക റെയില്‍വേയുടെ വികസനത്തിന് വിനിയോഗിക്കുമെന്നും അവര്‍ ഇരകളെ വിശ്വസിപ്പിച്ചു. പണം റെയില്‍വേയുടെ അക്കൗണ്ടിലേക്കാണ് അടയ്‌ക്കേണ്ടതെന്നും ഏജന്റ് എന്ന നിലയിലുള്ള കമ്മിഷന്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുകയെന്നും അവര്‍ പറഞ്ഞു. ഏജന്റ് എന്ന പേരില്‍ തയ്യാറാക്കിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഉദ്യോഗാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് വിശ്വാസം നേടിയെടുത്തത്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ സര്‍ക്കുലറും പ്രദര്‍ശിപ്പിച്ചു.
പ്യൂണ്‍ മുതല്‍ ഡോക്ടര്‍ വരെ
പ്യൂണ്‍ മുതല്‍ ഡോക്ടര്‍ വരെയുള്ള തസ്തികകള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത, കിട്ടുന്ന ശമ്പളം, നല്‍കേണ്ട തുക, കമ്മിഷന്‍ എന്നിവ രേഖപ്പെടുത്തിയ പട്ടികയും ദക്ഷിണ റെയില്‍വേ ജോബ് റിക്രൂട്ട്മെന്റ് വേക്കന്‍സി (ഫോര്‍ ഓഫീസ് ആന്‍ഡ് ഏജന്റ് യൂസ് ഓണ്‍ലി) എന്ന പേരില്‍ സംഘം തയ്യാറാക്കിയിരുന്നു. ജോലിയുറപ്പിക്കാന്‍ സ്വത്ത് വിറ്റും വീട് പണയംവെച്ചും വായ്പയെടുത്തും 10 ലക്ഷം രൂപ മുതല്‍ അരക്കോടി രൂപവരെ കൈമാറിയവര്‍ ജില്ലയിലുണ്ട്. മക്കള്‍ക്കൊരു സുരക്ഷിത ജോലിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ആഗ്രഹത്താലാണ് തന്റെ സമ്പാദ്യത്തില്‍ അരക്കോടിയോളം രൂപ സംഘത്തിന് കൈമാറിയതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. അയല്‍സംസ്ഥാനത്തുണ്ടായിരുന്ന ജോലി രാജിവെച്ചെത്തിയാണ് ഒരു യുവാവ് തട്ടിപ്പുസംഘത്തിന്റെ കൈയില്‍ പെട്ടതെന്നതും ഞെട്ടിക്കുന്നതാണ്.
മലയോരഗ്രാമത്തിലെ മുന്‍ അധ്യാപകന്‍ മകനും മകളുടെ ഭര്‍ത്താവിനും ജോലി തരപ്പെടുത്താനായി ലക്ഷങ്ങള്‍ നല്‍കി. രണ്ട് മക്കളെയും റെയില്‍വേയില്‍ കയറ്റാനായി വന്‍ തുക നല്‍കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥനും പരാതിക്കാരുടെ കൂട്ടത്തിലുണ്ട്.
വ്യാജ രസീതും കൈമാറി
റെയില്‍വേയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചുവെന്ന് വിശ്വസിപ്പിക്കാനായി വ്യാജ രസീതും സംഘം ഇരകള്‍ക്ക് കൈമാറിയിട്ടുണ്ട്. എന്‍ജിനിയറിങ്, എം.ബി.എ. ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമുള്ളവരെ പറ്റിക്കാന്‍ റെയില്‍വേയുടെ കത്ത് ഉള്‍പ്പെടെ വ്യാജമായി നിര്‍മിക്കുകയായിരുന്നു. പണം അക്കൗണ്ടില്‍ ഇടുന്നതിന് വിശ്വാസ്യതയ്ക്കായി റെയില്‍വേ സ്റ്റേഷന്‍വരെ സംഘം ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിലെയും ചെന്നൈയിലെയും റെയില്‍വേയുടെ വിവരങ്ങള്‍ കൃത്യമായി അറിയുന്നവര്‍ സംഘത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് കരുതുന്നത്.
മുഖ്യപ്രതി അറസ്റ്റില്‍
റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ചൊക്ലി നെടുമ്പ്രത്തെ കെ.ശശി(65)യെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ ശരത്ത്, ഗീതാറാണി എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.ഐ. പി.കെ.ജയേഷ് കുമാര്‍ പറഞ്ഞു.
റെയില്‍വേയിലുള്‍പ്പെടെ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയതിന് ഗീതാറാണിക്കെതിരെ 2020 മുതല്‍ എട്ട് കേസ് നിലവിലുണ്ടെന്നും തിരുവനന്തപുരത്തും കൊല്ലത്തും തൃശ്ശൂരിലുമായി മാറിമാറി താമസിച്ചാണ് അവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
പയ്യന്നൂര്‍, പിണറായി സ്റ്റേഷനുകളിലും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പയ്യന്നൂരില്‍ രണ്ട് കേസാണുള്ളത്. ചക്കരക്കല്ലില്‍ നാല് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ മാത്രം 14 പരാതികളാണുള്ളത്. കോഴിക്കോട്ട് നാലുപേര്‍ സമാനതട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നാളിതുവരെ പരാതി നല്‍കിയിട്ടില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും രേഖകളും കാണിച്ച് ഇരകളെ വിശ്വസിപ്പിച്ച് വഞ്ചിച്ചത് ശശിയാണെന്ന് പോലീസ് പറഞ്ഞു. വ്യാജരേഖ നിര്‍മിച്ചതിനും വഞ്ചിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും എസ്.ഐ. ജയേഷ് കുമാര്‍ പറഞ്ഞു.