നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവല്ല : നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടുപൂട്ടി താക്കോൽ വാരാന്തയിൽ വച്ചാണു ദമ്പതികൾ പുറത്തേക്കു പോയതെന്നു പൊലീസ്. ഒന്നര പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തു. തിരുവല്ല നഗരസഭ 24–ാം വാർഡിൽ തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി (63) എന്നിവരെയാണു പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ– വേളൂർമുണ്ടകം റോഡിൽ നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണു ആത്മഹത്യയ്ക്കു പിന്നിലെന്നു പൊലീസിനു വിവരം ലഭിച്ചു.
മരണവാർത്ത വിശ്വസിക്കാൻ പലർക്കുമായില്ല. നാട്ടുകാർക്ക് പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. പന്ത്രണ്ടരയോടെ തിരുവല്ല പൊലീസാണ് പട്രോളിങിനിടെ കാർ കത്തുന്നത് കണ്ടത്. ചപ്പുവവറുകൾക്ക് തീയിട്ടതാണെന്നാണു ദൂരെ നിന്നപ്പോൾ തോന്നിയത്. അടുത്തെത്തിയപ്പോഴാണു കാർ കത്തിയെന്നു മനസിലായത്. കാറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസിലാക്കിയത്. വേങ്ങൽ–വേളൂർ മുണ്ടകം റോഡിന്റെ വശത്തെ പാടത്തിനു സമീപമാണ് കാർ കത്തിയത്. ഇരുവരും മുൻസീറ്റിൽ ഇരിക്കുകയായിരുന്നു. 25 വർഷത്തോളം വിദേശത്തായിരുന്ന രാജു ഏതാനും വർഷം മുൻപ് മടങ്ങിയെത്തി കുടുംബ സമേതം തിരുവല്ല തുകലശേരിയിലെ വീട്ടിൽ താമസിക്കുകയായിരുന്നു.