വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും
തിരുവനന്തപുരം : വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദവും അറബിക്കടലില്‍ ചക്രവാതച്ചുഴിയും വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.