ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ അപകടം നടന്നത് ഗോവ തീരത്തിന് സമീപം
കാർവാർ : ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗോവ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗോവയിലെ ബെതുലിൽ നിന്നുള്ള എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. മരിച്ചയാൾ ഫിലിപ്പീൻസ് സ്വദേശിയാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചിരുന്നു. സമീപത്ത് കൂടി സഞ്ചരിക്കുകയായിരുന്ന മറ്റു രണ്ടു കപ്പലുകൾ കൂടി സംഭവ സ്ഥലത്തേക്കു തിരിച്ചു. സേനയുടെ ഡോണിയർ വിമാനവും നിരീക്ഷണത്തിനെത്തി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രതികൂല കാലാവസ്ഥയെ നേരിട്ടും രക്ഷാപ്രവർത്തനം തുടരുകയാണെന്നും സേനാ അധികൃതർ അറിയിച്ചു.
ചരക്കുകപ്പലിലാകെ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ജീവനക്കാർക്ക് തീ അണയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവർ വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചത്. ഡെക്കിൽ തീ അതിവേഗം പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. കപ്പലിലെ 160 കണ്ടെയ്‌നറുകളിൽ 20 എണ്ണത്തിനാണ് തീപിടിച്ചത്. അപകടകരമായ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നത്. കാർവാറിലുള്ള ഇന്ത്യൻ നാവികസേന കപ്പലിനോട് സജ്ജരായിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.