സ്മാര്‍ട്ട് വേസ്റ്റ് ബിന്നുകളുമായി അബുദാബി
അബുദാബി : ആരാണ് ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഏത് തരം മാലിന്യമാണ് അതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തി പറയാന്‍ കഴിയുന്ന ഹൈ-ടെക് സ്മാര്‍ട്ട് ബിന്നുകളുമായി അബുദാബിയിലെ തദ്വീര്‍ ഗ്രൂപ്പ്. സ്മാര്‍ട്ട് ബിന്‍ പരീക്ഷണാര്‍ഥം എമിറേറ്റിലെ ചില ഭാഗങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞതായി എമിറേറ്റിലെ ഏക മാലിന്യ നിര്‍മാര്‍ജ്ജന ഏജന്‍സിയായ തദ്വീര്‍ ഗ്രൂപ്പ് അറിയിച്ചു. സെന്‍സറുകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച്, പ്രാദേശികമായി നിര്‍മ്മിച്ച ഈ ബിന്നുകളില്‍ മാലിന്യത്തിന്റെ അളവ് എത്രയുണ്ടെന്നും അത് നിറഞ്ഞോ എന്നുമുള്ള വിവരങ്ങള്‍ നല്‍കാനാവും.
ഇതുവഴി മാലിന്യശേഖരണം എപ്പോള്‍ വേണമെന്ന് ബിന്‍ പരിശോധിക്കാതെ തന്നെ കണ്ടെത്താനാവുമെന്ന സവിശേഷതയും ഇതിനുണ്ട്. ഒരു വ്യക്തിഗത ഉപയോക്താവ് എന്തൊക്കെയാണ് ബിന്നില്‍ നിക്ഷേപിക്കുന്നതെന്ന് അറിയാന്‍ കഴിയുമെന്നതിനാല്‍ അയാള്‍ എന്തൊക്കെ സാധനങ്ങളാണ് പാഴാക്കിക്കളയുന്നതെന്ന് കണ്ടെത്താനും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപകല്‍പ്പന ചെയ്ത ബിന്‍ സഹായകമാണെന്നും തദ്വീര്‍ ഗ്രൂപ്പിന്റെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ ഒല്ലി ലോസണ്‍ പറഞ്ഞു. അറ്റകുറ്റപ്പണിക്കായി അല്‍ വക്ര ഹെല്‍ത്ത് സെന്ററിലെ സേവനങ്ങള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി; അറിയേണ്ടതെല്ലാം
ബിന്‍ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കള്‍ ഒരു ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ പേരും വിലാസവും പോലുള്ള അടിസ്ഥാന വിശദാംശങ്ങള്‍ നല്‍കി ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും വേണം.
സ്മാര്‍ട്ട് ബിന്നിലെ ബാര്‍കോഡോ ക്യുആര്‍ കോഡോ സ്‌കാനറോ ഉപയോഗിച്ച് അത് തുറന്ന് വേണം മാലിന്യം നിക്ഷേപിക്കാന്‍. ഇതുവഴി ഒരു വ്യക്തി നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ തരം ഏതാണെന്നും എത്രമാലിന്യം ഇടുന്നുവെന്നും കണ്ടെത്താന്‍ കഴിയും. വേസ്റ്റ് ബിന്നില്‍ എപ്പോള്‍ മാലിന്യം നിറയുമെന്ന കാര്യം തദ് വീര്‍ അധികൃതര്‍ക്ക് ഓഫീസിലിരുന്ന് തന്നെ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതുവഴി മാലിന്യ ശേഖരണ ട്രക്കുകളുമായി ഇടയ്ക്കിടെ എത്തി ബിന്നുകള്‍ നിറഞ്ഞോ എന്നു നോക്കേണ്ട ആവശ്യം വരുന്നില്ല. മുഴുവനായും നിറയാതെ അവയിലെ മാലിന്യം ശേഖരിക്കുന്നതും ഒഴിവാക്കാനാവും.
അവ നിറയുന്ന മുറയ്ക്ക് വാഹനവുമായി എത്തി ശേഖരിച്ചാല്‍ മതിയാവും. കൂടാതെ സ്മാര്‍ട്ട് ബിന്‍ സേവനം ഔദ്യോഗിക ആപ്പില്‍ സംയോജിപ്പിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ബിന്‍ സേവനം ഉപയോഗിക്കാനുമാവുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ ശീലങ്ങളുടെയും ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങളുടെ വര്‍ദ്ധനവ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ പരിഹാരമായിരിക്കും ഈ ബിന്നുകള്‍. കാര്യക്ഷമമായ മാലിന്യ സംസ്‌കരണത്തിന് ദീര്‍ഘകാല പരിഹാരങ്ങള്‍ നല്‍കാന്‍ ഈ സ്മാര്‍ട്ട് ബിന്നുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.