ഉമ്മൻ ചാണ്ടിയില്ലാത്ത ഒരാണ്ട്

0

ആൾക്കൂട്ടത്തെ തനിച്ചാക്കി കേരളത്തിന്‍റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് യാത്രയായിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു.ആരവങ്ങള്‍ക്കൊപ്പം ഒഴുകിനടന്ന്, ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ്, അതിലുപരി പച്ചമനുഷ്യനെയാണ് കേരളത്തിനന്ന് നഷ്ടപ്പെട്ടത്.

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. പൊതുനന്മ, ജനക്ഷേമം, നയരൂപീകരണത്തിലെ ജനപങ്കാളിത്തം, വ്യക്തിസ്വാതത്ര്യം തുടങ്ങിയവ ഉറപ്പുനൽകുന്ന റിപ്പബ്ലിക്കന്‍ ചിന്തയുടെയും സമാധാനപരമായ ഭരണഘടനാമാർഗങ്ങളിലൂടെ അവസരസമത്വവും തുല്യതയും ഉറപ്പുവരുത്തുന്ന ഫാബിയൻ സോഷ്യലിസത്തിന്‍റെയും ആശയധാരയിലേക്ക് ഗാന്ധിയൻ ദർശനമായ “അന്ത്യോദയ’യും ഭരണഘടനയിലെ “സർവധർമ സമഭാവനയും’ കൂടി ചേർത്താണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രം നെഹ്റു നിർമിച്ചെടുത്തത്. ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീയ ദർശനവും പ്രയോഗവത്കരണവും ഇതേ ആശയങ്ങൾ തന്നെയായിരുന്നു.

കോൺഗ്രസ് മുന്നോട്ടുവച്ച ഈ സോഷ്യൽ ഡെമോക്രാറ്റിക് മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. ചുരുക്കത്തിൽ, തെരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനുമപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ സുതാര്യമായ ജീവിതവും മരണവും.

70കൾ മുതൽ തന്നെ ജനപക്ഷത്തു നിന്നുകൊണ്ടുള്ള ചില അനന്യമായ മാതൃകകൾ കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. അതിൽ കാലഹരണപ്പെടാത്ത ഒന്നുമാത്രമേയുള്ളൂ. ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ച മാതൃക. സാധ്യതകളുടെയും വിട്ടുവീഴ്ചകളുടെയും ചാണക്യ തന്ത്രങ്ങളുടെയും വിവിധ രാസക്കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന അധികാര രാഷ്‌ട്രീയത്തിന്‍റെ കയ്പ്പും ചവർപ്പുമുള്ള കഷായത്തിലേക്ക്, അനുകമ്പയുടെയും മനുഷ്യസ്നേഹത്തിന്‍റെയും തേൻമധുരം കലർത്തി ചുറ്റുമുള്ളവർക്കെല്ലാം പകർന്നുനൽകുകയായിരുന്നു ഉമ്മൻ ചാണ്ടി. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയോടൊപ്പം അന്യമായത് ഒരു രാഷ്‌ട്രീയ സംസ്കാരം കൂടിയാണ്.

കേരള രാഷ്‌ട്രീയത്തിലും ഇന്ത്യൻ രാഷ്‌ട്രീയത്തിലും സർഗാത്മകതയുടെയും ജനാധിപത്യബോധത്തിന്‍റെയും വസന്തകാലമായിരുന്ന 60കളിലും 70കളിലുമാണ് ഉമ്മൻ ചാണ്ടി നേതൃനിരയുടെ അവിഭാജ്യഘടകമാകുന്നത്. കേരളത്തിൽ എവിടെച്ചെന്നാലും ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ പൊതിയുമായിരുന്നു. അവരില്‍ പലരും ഉമ്മന്‍ ചാണ്ടിക്ക് നേരിട്ട് അറിയുന്നവരാകും. അവരെയൊക്കെ പേര് ചൊല്ലി വിളിക്കാനും അദ്ദേഹത്തിന് കഴിയും. എവിടയെത്തിയാലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഏറ്റെടുക്കും. അതാണ് കാസര്‍കോട്ടായാലും വയനാട്ടിലായാലും പാറശാലയിലായാലും ഉമ്മന്‍ ചാണ്ടിയെത്തിയാല്‍ ജനം ചുറ്റും കൂടുന്നത്. അവരില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, എല്ലാ രാഷ്‌ട്രീയക്കാരും കാണും. രാഷ്‌ട്രീയമൊന്നുമില്ലാത്തവരും കാണും…

Spread the love

Leave a Reply

Your email address will not be published. Required fields are marked *