മാറിൻ അസൂറിൽ നിന്ന് വിഴിഞ്ഞത്ത് ഇറക്കിയത് 338 കണ്ടെയ്നറുകൾ
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ കപ്പലായ മാറിന്‍ അസൂര്‍ തീരം വിട്ടു. മാറിന്‍ അസൂറില്‍ നിന്നു 338 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. 798 എണ്ണം തിരികെ കയറ്റുന്ന ജോലിയും പൂർത്തിയായി. ഇതോടെയാണ് കപ്പലിന്റെ മടക്കം. മുംബൈ തുറമുഖത്തേക്കാണ് കപ്പല്‍ പോയത്. 21, അല്ലെങ്കിൽ അതിനു മുന്‍പോ അടുത്ത കപ്പല്‍ തുറമുഖത്ത് എത്തും. അതേസമയം കണ്ടെയ്‌നര്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാകാത്തതിനാലാണ് മാറിൻ അസൂറിന്റെ മടക്ക യാത്ര ഇന്നത്തേക്ക് മാറ്റിയതെന്നു തുറമുഖം അധികൃതര്‍ പറഞ്ഞു. സീ സ്പാന്‍ സാന്റോസ് എന്ന ചെറു കണ്ടെയ്‌നര്‍ കപ്പലാകും അടുത്തതായി വിഴിഞ്ഞത്ത് എത്തുകയെന്നാണു സൂചന. 260 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ള ഈ കപ്പല്‍ നിലവില്‍ ചെന്നൈക്കടുത്ത് എന്നൂര്‍ തുറമുഖത്തിനു സമീപമാണെന്നാണു വിവരം. രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകത്തെ വലുപ്പമേറിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നും വിഴിഞ്ഞത്ത് എത്തിയേക്കും.