യുഎഇ റസിഡൻസ് വീസ, ഐഡി നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ
അബുദാബി : യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20 ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ.
എമിറേറ്റ്സ് ഐഡി റജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിർഹം ഈടാക്കും. പരമാവധി 1000 ദിർഹമാണ് ഈ ഇനത്തിൽ പിഴ ചുമത്തുക. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോർട്ട് നടപടികൾ പിആർഒ നിർവഹിക്കുക, കമ്പനി ഇ–ദിർഹം കാർഡ് ഉപയോഗിച്ച് പുറത്തുള്ളവരുടെ ഇടപാട് നടത്തുക, ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ.
ഐപിസി സിസ്റ്റം ദുരുപയോഗം ചെയ്യുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക, ജീവനക്കാരുമായി സഹകരിക്കാതിരിക്കുക, ഇടപാടുകൾക്ക് ആവശ്യമായ ഫീസ് അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 5000 ദിർഹം വീതം പിഴ ഈടാക്കും. നൽകിയ അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ 100 ദിർഹം പിഴ ഈടാക്കും. എന്നാൽ മനഃപൂർവം തെറ്റായ വിവരം നൽകിയാൽ 3000 ദിർഹമാണ് പിഴ. പ്രവർത്തിക്കാത്ത സ്ഥാപനത്തിലേക്ക് എൻട്രി പെർമിറ്റോ വീസയോ എടുത്താൽ പിഴ 20,000 ദിർഹം.
തന്റേതല്ലാത്ത കാരണത്താൽ ഐഡി കാർഡിന് അപേക്ഷിക്കാനോ പുതുക്കാനോ സാധിക്കാത്തവർക്കും പിഴയിൽനിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കാമെന്ന് ഐസിപി വ്യക്തമാക്കി. 3 മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർ, വിദേശത്തായിരിക്കുമ്പോൾ വീസയുടെയും തിരിച്ചറിയൽ കാർഡിന്റെയും കാലാവധി അവസാനിച്ചവർ, നാടുകടത്തപ്പെട്ടവർ, സസ്പെൻഡ് ചെയ്തവർ, വിവിധ കേസുകളിൽ നിയമനടപടി നേരിടുന്നവർ, പകർച്ചവ്യാധി പിടിപെട്ടവർ, കിടപ്പുരോഗികൾ, വൈകല്യമുള്ളവർ, നയതന്ത്രകാര്യാലയങ്ങളിലെ അംഗങ്ങൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്ത 70 വയസ്സിനു മുകളിലുള്ളവർ എന്നിവർക്ക് ഇളവിന് അപേക്ഷിക്കാം.