തിരുവനന്തപുരം മെ‍ഡി. കോളേജിൽ ലിഫ്റ്റിൽ കുടുങ്ങി രോഗി

0

തിരുവനന്തപുരം : മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രണ്ടു ദിവസം രോഗി കുടുങ്ങി കിടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. രോഗി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ രവീന്ദ്രൻ നായരെ കണ്ടെത്തുകയായിരുന്നു. 2 രാത്രിയും ഒരു പകലുമാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയത്. ഡോക്‌ടറെ കണ്ട് ചികിത്സയുടെ രേഖകൾ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ശേഷം രവീന്ദ്രൻ നായർ തിരികെ വീണ്ടും ആശുപത്രിയൽ എത്തി. തുടർന്ന് ഒന്നാം നിലയിലേയ്ക്ക് പോകാൻ വേണ്ടി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തന രഹിതമായത്. മുകളിലേക്ക് ഉയർന്ന ലിഫ്റ്റിന്റെ പ്രവർത്തനം പൊടുന്നനെ നിലയ്ക്കുകയായിരുന്നു.

ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല. അതേസമയം രവീന്ദ്രൻ നായരെ കാണാതായതോടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് രാവിലെ ഓപ്പറേറ്റർ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയിൽ കിടക്കുക‌യായിരുന്ന രവീന്ദ്രൻ നായരെ കണ്ടെത്തിയത്. ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റർ പറയുന്നത്. എന്നാൽ തകരാറിലുള്ള ലിഫ്റ്റിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രൻ നായരുടെ കുടംബം ആരോപിക്കുന്നു. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് രവീന്ദ്രൻ നായരുടെ കുടുംബം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *