ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യവകാശ കമ്മീഷൻ അധികൃതർക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കുകയും ഏഴു ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
റെയിൽവേ തോട് വൃത്തിയാക്കുന്നതിനായി കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിയെയാണ് വൃത്തിയാക്കുന്നതിനിടെ കാണാതായത്. റെയിൽവേയും നഗരസഭയും തമ്മിൽ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ തർക്കങ്ങളുണ്ടെന്നും യാതൊരു സുരക്ഷാ സജീകരണങ്ങളും ഇല്ലാതെയാണ് വൃത്തിയാക്കൽ നടന്നതെന്നും വാർത്തകളുണ്ട്.
അതേസമയം ജോയിക്കായുള്ള തിരച്ചിൽ 28 മണിക്കൂർ പിന്നിട്ടിട്ടുണ്ട്. എൻ ഡി ആർ എഫ് സംഘവും ഫയർഫോഴ്സും സ്കൂബ ടീമും ഒപ്പം നാവികസേനയും ചേർന്നാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. രക്ഷാ ദൗത്യം നടത്തുന്നതിന് മാലിന്യ കുമ്പാരം വലിയ തോതിലുള്ള വെല്ലുവിളിയാണ് സൃഷ്ടിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻസ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അധികൃതരോട് ഏഴു ദിവസത്തിനകം സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്