സാന്‍ ഫെര്‍ണാന്‍ഡോയുടെ മടക്ക യാത്ര വൈകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും. ഇന്നലെ തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം നാളെ ആയിരിക്കും. കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ചൈനയില്‍ നിന്ന് എത്തിയ കപ്പല്‍ കൊളംബോയിലേക്കാണ് തിരിച്ചു പോകുക. ഫീഡര്‍ വെസ്സലുകള്‍ എത്തുന്നതും വൈകും. ഇന്നലെ രാവിലെയെത്തിയ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സബാന്ദ സോനോവാളും ചേര്‍ന്നാണ് ഔദ്യോഗികമായി സ്വീകരിച്ചത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി.
വ്യഴാഴ്ച രാവിലെയാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. മെര്‍സ്‌കിന്റെ 300 മീറ്റര്‍ നീളമുള്ള സാന്‍ ഫെര്‍ണാണ്ടോ ചരക്കുകപ്പലിന്റെ ബെര്‍ത്തിങ് മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതല്‍ കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കണ്ടെയ്നര്‍ കൊണ്ടുപോകാന്‍ ചെറുകപ്പലുകള്‍ (ഫീഡര്‍ വെസലുകള്‍) വന്നു തുടങ്ങും. ഇവ കൂടി എത്തുന്നതോടെ ട്രാന്‍സ്ഷിപ്പ്മെന്റുമാകും.
ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോന്‍സിഞ്ഞോര്‍ നിക്കോളാസ് ചടങ്ങില്‍ പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തി