ഓണാട്ടുകരയുടെ എള്ളുകൃഷി വികസനത്തിനു വഴിതെളിഞ്ഞു

0

ചെട്ടികുളങ്ങര(ആലപ്പുഴ) : ഓണാട്ടുകരയുടെ എള്ളിന് നല്ല കാലം വരുന്നു. എള്ളുകൃഷി വികസനത്തിന് മൂന്നു കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിത്തുടങ്ങി. കർഷകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനു സബ്സിഡി നൽകുന്നതിനും ന്യായവിലകൊടുത്ത് ഉത്പന്നങ്ങൾ ഏറ്റെടുക്കുന്നതിനും സംസ്ഥാന കൃഷി വകുപ്പും ഓണാട്ടുകര വികസന ഏജൻസിയും ചേർന്നാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്. ഏറ്റെടുക്കുന്ന എള്ള്, കർഷകരുടെ സഹകരണത്തോടെ മൂല്യവർധിത ഉത്‌പന്നങ്ങളാക്കി മാറ്റുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഓണാട്ടുകര എള്ളിനു ലഭിച്ച ഭൗമസൂചികാപദവി എള്ളുകൃഷി വികസനത്തിന് ആക്കം കൂട്ടും. രണ്ടുപൂവു നെല്ലും ഇടവേളയിൽ എള്ളും ലാഭകരമായി കൃഷി ചെയ്യുന്നതായിരുന്നു ഓണാട്ടുകരയിലെ പരമ്പരാഗത രീതി. കാലാവസ്ഥാ വ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന കൃഷിനാശവും പുറംസംസ്ഥാനത്തുനിന്നു ഗുണവും വിലയും കുറഞ്ഞ എള്ളിന്റെ വരവും മൂലം കുറെക്കാലമായി എള്ളുകൃഷി പ്രതിസന്ധിയിലായിരുന്നു. ചരിത്രപ്രാധാന്യമുള്ള എള്ളുകൃഷി ഏറക്കുറെ അന്യംനിന്നുപോകുന്ന അവസ്ഥയിലാണ് കൃഷിവകുപ്പിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചും ആധുനിക വിപണി സാധ്യതകൾ കണ്ടെത്തിയും ഓണാട്ടുകരയിൽ 1,500 ഹെക്ടറിൽ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു സീസണുകളിലായി എള്ളുകൃഷി ചെയ്തും കരക്കൃഷി പ്രോത്സാഹിപ്പിച്ചും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന് കരുതുന്നു. ഒരു ഹെക്ടറിന് 10,000 രൂപ നിരക്കിൽ കൃഷിക്കാർക്ക് സബ്സിഡി നൽകും.

ഭൗമസൂചികാ പദവി ലഭിച്ച ഇനങ്ങളായ തിലക് , തിലറാണി, തിലതാര, കായംകുളം ഒന്ന് എന്നീ വിത്തുകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകാനുള്ള ഉത്തരവാദിത്വം കായംകുളം നെല്ലു ഗവേഷണ കേന്ദ്രത്തിനാണ്. എള്ള് കിലോയ്ക്ക് 300 രൂപ നിരക്കിൽ സർക്കാർ ഏറ്റെടുക്കും. ഓണാട്ടുകരയിലെ 39 പഞ്ചായത്തുകളിലും അഞ്ച് നഗരസഭാ പ്രദേശങ്ങളിലും കഴിഞ്ഞവർഷം പദ്ധതി പരീക്ഷിച്ച് വിജയം കണ്ടിരുന്നു. കർഷകരിൽനിന്ന്‌ ഏറ്റെടുക്കുന്ന എള്ള് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിൽ ഇറക്കാനുള്ള പദ്ധതിയും നടപ്പാക്കി വരുന്നു. ഇതിനായി ശുദ്ധവും ഗുണമേന്മയുള്ളതുമായ എള്ളെണ്ണ ഉത്പാദിപ്പിക്കാനുള്ള പ്ലാൻറ് സ്ഥാപിക്കാൻ ശ്രമം നടന്നുവരുന്നു.

കൊച്ചാലുംമൂട്ടിൽ കൃഷിവകുപ്പിനു കീഴിലുള്ള നൂറേക്കറിൽ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്. മൂല്യവർധിത ഉത്‌പന്നങ്ങളുടെ ലേബലും ലോഗോയും തയ്യാറാക്കുന്നതിനുള്ള ചുമതല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങിനാണ്. ഇതോടൊപ്പം തേനും എള്ളെണ്ണയും ചേർന്ന ആരോഗ്യ മിശ്രിതം വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ച് ഹോർട്ടികോർപ്പ് വഴി വിപണിയിൽ ഇറക്കാനും ശ്രമം നടക്കുന്നു. എള്ളിന്റെ ലഭ്യത വർധിക്കുന്ന മുറയ്ക്ക് എള്ളെണ്ണ ഔഷധഗുണമുള്ള ക്യാപ്സ്യൂളുകളായി വിപണിയിൽ ഇറക്കുക എന്നതാണ് അടുത്തഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

ഓണക്കാലത്തിനുശേഷം, മഴ മാറുന്ന വേളയിൽ ഇപ്രാവശ്യം ഒന്നാംഘട്ടകൃഷി ആരംഭിക്കും. തുലാമഴ കഴിഞ്ഞ് രണ്ടാംകൃഷി തുടങ്ങാനാണു ലക്ഷ്യം. ന്യായവില നൽകി എള്ളേറ്റെടുക്കുന്ന പദ്ധതി കൃഷി മന്ത്രി പി. പ്രസാദ് കഴിഞ്ഞദിവസം കായംകുളത്ത് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തിരുന്നു. ന്യായവില കിട്ടുമെന്നായതോടെ കൂടുതൽ കർഷകർ ആവേശത്തോടെ എള്ളു കൃഷി ചെയ്യാൻ തയ്യാറായി രംഗത്തുവരുന്നതായി ഓണാട്ടുകര വികസന ഏജൻസി ഭാരവാഹികൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *