മുന്തിരി കഴിക്കുന്നതിന് നാം നന്ദി പറയണം
ലോകവ്യാപകമായി പലരുടെയും പ്രിയപ്പെട്ട പഴവർഗമാണ് മുന്തിരി. മധുരവും ചെറിയ ചവർപ്പും പുളിയുമെല്ലാം ഒത്തിണങ്ങിയ മുന്തിരി വൈൻ നിർമാണത്തിലും വളരെ പ്രധാനപ്പെട്ട ഫലമാണ്. മുന്തിരി നാം കഴിക്കുന്നതിന് വളരെ അപ്രതീക്ഷിതമായ ഒരു വസ്തുവിനോട് നാം നന്ദി പറയേണ്ടിവരും. മറ്റൊന്നിനോടുമല്ല, കോടിക്കണക്കിന് വർഷം മുൻപ് മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിലെ ചിക്‌സുലബിൽ ആഞ്ഞുപതിച്ച് ദിനോസറുകളുടെ യുഗത്തിന് അന്ത്യമേകിയ ഛിന്നഗ്രഹത്തോട്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മുന്തിരിക്കുരുക്കൾ ശാസ്ത്രജ്ഞർക്ക് കിട്ടിയിരിക്കുന്നത് ഇന്ത്യയിൽ നിന്നുമാണ്. 6.6 കോടി വർഷം പഴക്കമുള്ളവയാണ് ഈ കുരുക്കൾ. ചിക്‌സുലബിൽ ഛിന്നഗ്രഹം വീണ് ദിനോസറുകളും അന്നു ഭൂമിയിലുണ്ടായിരുന്ന 76 ശതമാനം ജീവിവർഗങ്ങളും അപ്രത്യക്ഷമായ കാലവും ഇതേസമയമാണ്. കാലങ്ങൾക്കു മുൻപേയുള്ള ഈ കൂട്ടക്കുരുതി ദിനോസറുൾപ്പെടെ ജീവിവർഗങ്ങളുടെ ജീവിതത്തിന് അന്ത്യമേകി. എന്നാൽ ഭൂമിയിൽ ജൈവികമായി മറ്റൊരു യുഗവും ഈ സംഭവത്തോടെ ഉടലെടുത്തു.
പുതിയ ജീവിവർഗങ്ങൾ പ്രാബല്യം നേടി. സസ്തനികൾ ഭൂമിയിൽ വ്യാപിക്കാനുണ്ടായതും ഇതുമൂലം തന്നെ. മുന്തിരിയുടെ കാര്യത്തിലും ഈ സംഭവം വളരെ അനുകൂല സ്ഥിതിയാണ് ഉണ്ടാക്കിയത്. ദിനോസറുകളുടെ യുഗത്തിനു ശേഷം മുന്തിരികൾ ഭൂമിയിൽ വ്യാപിക്കാൻ തുടങ്ങി. ദിനോസറുകളെപ്പോലെയുള്ള വമ്പൻ മൃഗങ്ങൾ വംശനാശം വന്നൊടുങ്ങിയതാണ് ഈ വളർച്ചയ്ക്ക് അനുകൂല രംഗമൊരുക്കിയത്. ദിനോസറുകളിൽ സസ്യാഹാരികളും മാംസാഹാരികളും ചെറിയവയും വലിയവയുമൊക്കെയുണ്ടായിരുന്നു.
ദിനോസറുകൾ കാട്ടിലെ മരങ്ങളുടെയും സസ്യങ്ങളുടെയുമൊക്കെ വളർച്ചയെയും നിയന്ത്രിച്ചിരുന്നു. ഇവ അപ്രത്യക്ഷമായതോടെ പുതിയ സ്ഥിതിഗതികൾ സംഭവിച്ചെന്നു ശാസ്ത്രജ്ഞർ പറയുന്നു. വളരെ കൗതുകകരമായ ഈ പഠനത്തിന്റെ വിവരങ്ങൾ നേച്ചർ പ്ലാന്റ്സ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.