സംസ്ഥാന പൊലീസ് മേധാവിക്ക്  സേവനകാലാവധി നീട്ടി നൽകാൻ മന്ത്രിസഭ തീരുമാനം

0

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്‌ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു ഷെയ്‌ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ കാലാവധി നീട്ടി നല്‍കാൻ തീരുമാനിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് സർവീസിൽ തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.

അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്കാണ് നിയമിക്കുന്നത്. കൊച്ചി കലൂര്‍ സ്വദേശിയാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്‌ക്ക് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ചു.

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പൊലീസ് മേധാവിയാകുന്നതിനു മുൻപ് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *