ഒരു വര്‍ഷം കൊണ്ട് 15വയസ്സുകാരി നേടിയത് 175 കോഴ്‌സുകളില്‍ പ്രാവീണ്യം

കൊനെംപാലം (ആന്ധ്രാപ്രദേശ്): സ്‌കൂള്‍ വിട്ട് വന്നാല്‍ എല്ലാ കുട്ടികളും പുസ്‌തക സഞ്ചി ഒരു മൂലയില്‍ തള്ളി കളിക്കാനായി കൂട്ടുകാരുമൊത്ത് ഓടുകയായി.എന്നാല്‍ ഈ പെണ്‍കുട്ടി ഇവര്‍ക്കിടയില്‍ വ്യത്യസ്‌ത ആയിരുന്നു. സ്‌കൂള്‍ വിട്ട് വന്നാല്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോകാതെ അവള്‍ ആ സമയവും പഠനത്തിനായി നീക്കി വച്ചു. കേവലം ഒരു വര്‍ഷം കൊണ്ട് അവള്‍ പഠിച്ച് തീര്‍ത്തത് 175 കോഴ്‌സുകളാണ്.
പത്താംക്ലാസുകാരിയായ ബണ്ടാരു പ്രവാലിക എന്ന ആ പെണ്‍കുട്ടിയുടെ വ്യത്യസ്‌തമായ നേട്ടത്തെ അഭിനന്ദിച്ച് ആന്ധ്രാ വിദ്യാഭ്യാസ മന്ത്രിയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറും രംഗത്ത് എത്തി. അഭിനന്ദനം മാത്രമല്ല ഡിസ്‌നി ഇവളുടെ പ്രത്യേക അഭിമുഖവും എടുത്തു.
പതിനഞ്ചുകാരിയായ പ്രവാലിക വിശാഖപട്ടണത്തെ ഭിംലിയിലുള്ള കസ്‌തൂര്‍ബാ ഗാന്ധി വിദ്യാലയത്തില്‍ പത്താ0ക്ലാസ് പഠനം പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. ഇവളുടെ പ്രായത്തിലുള്ള മിക്ക കുട്ടികളും ഈ സമയത്ത് പരീക്ഷയില്‍ മാര്‍ക്ക് നേടുന്നതിനെക്കുറിച്ചാകും ചിന്തിക്കുക. എന്നാല്‍ പ്രവാലിക ഇതിനുമപ്പുറം തന്‍റെ ഭാവിക്ക് സഹായകമാകാന്‍ ചില തൊഴില്‍ നൈപുണികള്‍ കൂടി പരിശീലിച്ചു. ഒന്‍പതാം ക്ലാസില്‍ വച്ച് സ്‌കൂള്‍ അധികൃതര്‍ പരിചയപ്പെടുത്തിയ ഇന്‍ഫോസിസിന്‍റെ ചില ഓണ്‍ ലൈന്‍ കോഴ്‌സുകളാണ് അവള്‍ തെരഞ്ഞെടുത്തത്.
മാനേജ്‌മെന്‍റ്, ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍, സോഫ്‌റ്റ് വെയര്‍, ഡ്രോണ്‍ സാങ്കേതികത, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി തുടങ്ങി വിവിധ വിഷയങ്ങളിലുള്ള കോഴ്‌സുകളാണ് പ്രവാലിക പൂര്‍ത്തിയാക്കിയത്. അവളുടെ ക്ലാസിലെ ചില കുട്ടികളും ഈ കോഴ്‌സുകള്‍ക്കൊക്കെ ചേര്‍ന്നിരുന്നെങ്കിലും 175 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയത് അവള്‍ മാത്രമാണ് അതും കേവലം ഒരു കൊല്ലം കൊണ്ട്. പലപ്പോഴും മൂന്ന് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ പല കോഴ്‌സുകള്‍ക്കും വേണ്ടി അവള്‍ നീക്കി വച്ചു. ഇവളുടെ ഈ ആത്മാര്‍പ്പണത്തിന് ഇപ്പോള്‍ വ്യാപകമായ അംഗീകാരവും കിട്ടിയിരിക്കുകയാണ്.
പ്രവാലികയുടെ ഈ മികച്ച നേട്ടത്തെക്കുറിച്ചറിഞ്ഞ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് പറന്നെത്തി അവളുടെ അഭിമുഖം എടുത്തു. ഇതിന് പുറമെ ആന്ധ്രാ വിദ്യാഭ്യാസമന്ത്രി നര ലോകേഷും അവളുടെ കഴിവിനെയും കഠിന പ്രയത്‌നത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിച്ച് രംഗത്ത് എത്തി.
50 കോഴ്‌സുകള്‍ക്ക് ഒക്കെ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്നത് വലിയ കാര്യമാണെന്ന് കരുതുന്നവരെയൊക്കെ പിന്നിലാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ബിടെക്, എംടെക് ബിരുദധാരികള്‍ക്ക് പോലും പലപ്പോഴും ബാലികേറാ മലയാകുന്ന 175 കോഴ്‌സുകളാണ് ഇവള്‍ നിഷ്‌പ്രയാസം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്‍ഫോസിസും ഇവളുടെ നേട്ടത്തെ അഭിനന്ദിച്ചു.