യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് യു. കലാനാഥൻ മാസ്റ്റർ അന്തരിച്ചു
കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായിരുന്ന യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. കേരള യുക്തിവാദ സംഘം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. യുക്തിവാദ സംഘടനകളുടെ ദേശീയ സംഘടനയായ എഫ് ഐ ആർ എ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പത്ത് വർഷത്തോളം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ജനകീയാസൂത്രണ പ്രസ്ഥാനം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കി വലിയ ജനശ്രദ്ധ നേടിയിരുന്നു. റോഡുകളും വൈദ്യുതിയും ഇല്ലാതിരുന്ന വള്ളിക്കുന്നിൽ വികസനമെത്തിക്കുന്നതിൽ മുന്നിൽ നിന്ന് അദ്ദേഹം പ്രവർത്തിച്ചിരുന്നു. ചാലിയം യുഎച്ച്എസ്എസിൽ ശാസ്ത്രാധ്യാപകനായിരുന്നു. ദീർഘകാലം സിപിഎം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.