ദിവസേന പോസ്റ്റ് ഓഫീസിൽ പോയ യൗവ്വനവർഷങ്ങൾ! ; ‘കൊതികൊണ്ട് ഞാൻ തന്നെ എനിക്ക് കാർഡ് അയച്ചിരുന്നു’

0

സൈക്കിളില്‍ കിണി കിണി ബെല്ലടിച്ച് ഓണക്കാലത്തോടടുപ്പിച്ച് അമ്മൂമ്മയ്ക്ക് പെന്‍ഷനുമായി സ്‌റ്റൈലില്‍ വരുന്ന തലയും മീശയും നരച്ച പോസ്റ്റുമാന്‍ ആണ് തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട ആദ്യ ഓര്‍മ. കാക്കി ഉടുപ്പും പാന്റും ധരിച്ച് നാട്ടുകാരോട് മൊത്തം കുശലം അന്വേഷിച്ച് വരുന്ന അങ്ങേര്‍ പോലീസ് ആണെന്നായിരുന്നു ചെറിയ കുട്ടിയായിരുന്ന എന്റെ വിചാരം. ഇറയത്തുവെച്ച നീല മഷിപ്പാഡില്‍ അമ്മൂമ്മയുടെ തള്ളവിരല്‍ അമര്‍ത്തി പെന്‍ഷന്‍ കടലാസില്‍ പതിപ്പിച്ച് പത്തും ഇരുപതും ഒക്കെ അടങ്ങുന്ന ഏതാനും നോട്ടുകള്‍ എണ്ണി നല്‍കി അയാള്‍ പോകാതെ ചിരിച്ചു ചിരിച്ചു നില്‍ക്കും. ‘ഇതിരിക്കട്ട് ചായകുടിക്കിന്‍’, എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു നോട്ട് നല്‍കി കഴിയുമ്പോള്‍ സന്തോഷത്തോടെ സൈക്കിളില്‍ കയറി ഉറക്കെ ബെല്ലടിച്ച് ഇടവഴിയുടെ അറ്റത്തേക്ക് മറയും. അമ്മൂമ്മ പോസ്റ്റുമാന്‍ നല്‍കിയ ആ പുണ്യപുരാതന സ്ലിപ്പ് റബ്ബര്‍ ബാന്‍ഡ് കെട്ടി സ്ഥാവരജംഗങ്ങള്‍ക്കിടയില്‍ പതുക്കും. അതില്‍ ഒരു സ്ലിപ്പ് പോലും ഇന്ന് അമ്മുമ്മയുടെ ഓര്‍മകള്‍ പോലെ തന്നെ, കാണാനില്ല. ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്; ആ പഴയ ദിവസങ്ങളിലേക്ക് ഓര്‍മകള്‍ തിരിച്ചുവിടാന്‍.

അടുത്ത തപാലോര്‍മ്മ മൂത്ത ചേട്ടന്‍ ജിത്തുമായി ബന്ധപ്പെട്ടതാണ്. വെഞ്ഞാറമൂട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവരസം മാസികയില്‍ ഏജന്‍സി ഉള്‍പ്പെടെ ചില ജോലികള്‍ ചേട്ടന് ഉണ്ടായിരുന്നു. അതിന്റെ എഡിറ്റര്‍ താജുള്‍ അഷിഗര്‍ (കുട്ടിക്കാലത്ത് വായിച്ച വായില്‍ കൊള്ളാത്ത ആ പേര് ഇപ്പോഴും അത്ഭുതത്തോടെ ഓര്‍ക്കുന്നു) വരിസംഖ്യ തുകകള്‍, അടുത്ത ലക്കത്തിന്റെ കാര്യങ്ങള്‍ ഒക്കെ ഓര്‍മിപ്പിച്ചുകൊണ്ട് സ്ഥിരമായി കാര്‍ഡുകളയക്കും. 25 പൈസയുടെ കടുവാ തലയുള്ള കാര്‍ഡുകള്‍ ഞാനാണ് എടുത്തുവെയ്ക്കാറ്. പിന്നെ സീരിയലിലേക്ക് വിഹാരരംഗം മാറ്റിയപ്പോള്‍ അവസരങ്ങള്‍ ചോദിച്ചും കഥകള്‍ പറഞ്ഞുമൊക്കെ ദിവസവും കത്തുകള്‍ കാര്‍ഡുകള്‍ ഇല്ലന്റുകള്‍ സാഞ്ചി സ്തൂപത്തിന്റെ ചിത്രമുള്ള നീളന്‍ സ്റ്റാമ്പൊട്ടിച്ച ഓറഞ്ച് നിറക്കവറുകള്‍, കവറിലിട്ടും കവറിലിടാതെയും ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ഒക്കെ വരും. അതിന്റെയൊക്കെ ആദ്യ വായനക്കാരന്‍ ഞാനായിരിക്കും.

ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്തത് ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഇല്ലന്റുകള്‍ മാത്രം അമ്മയുടെ പേരില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. ചന്തമുള്ള കഥ പറയുന്ന സ്റ്റാമ്പുകള്‍ മാത്രം എടുത്തുവെക്കും. ഇന്റര്‍നെറ്റും വാട്‌സ്ആപ്പും ഫേസ്ബുക്കും മൊബൈല്‍ ഫോണും ഒന്നുമില്ലാതിരുന്ന അക്കാലത്ത് കത്തുകള്‍ എഴുതുന്നതും കാത്തിരിക്കുന്നതും നല്‍കുന്ന സുഖം കുട്ടിയായിരുന്ന എനിക്ക് അറിയില്ലായിരുന്നു.

പത്താം ക്ലാസില്‍വെച്ച് ക്ലാസ് ടീച്ചര്‍ ഒരു കത്തുണ്ട് എന്ന് പറഞ്ഞപ്പോള്‍ ആകാംക്ഷകൊണ്ട് ഞെട്ടിപ്പോയി. പങ്കെടുത്ത ദിവസം തന്നെ സമ്മാനം കിട്ടില്ല എന്ന് ഉറപ്പിച്ചു മറന്ന ഒരു ചിത്രരചന മത്സരത്തിന്റെ കണ്‍സലേഷന്‍ സര്‍ട്ടിഫിക്കറ്റായിരുന്നു അത്. ക്ലാസില്‍ എല്ലാവരും കണ്ട ആ നല്ല വലിപ്പമുള്ള തപാല്‍ ഉരുപ്പടി നല്‍കിയ കിക്ക് മറക്കാവതല്ല. അക്കാലമായപ്പോഴേക്കും എഴുത്തും വരയും വായനയും ഒക്കെ വളരെ ആര്‍ജ്ജവത്തോടെ എടുത്തിരുന്നു. ഒരു ചിത്രരചന മത്സരത്തില്‍ പങ്കെടുക്കാനായി വേളാവൂര്‍ സുരേഷ് ബാബു മെമ്മോറിയല്‍ ക്ലബ്ബില്‍ എത്തിയപ്പോള്‍ അവിടെ സാഹിത്യ വാര്‍ത്തകളും പുസ്തക ചിത്രങ്ങളും ഒക്കെയുള്ള കറന്റ് ബുക്‌സ് ബുള്ളറ്റിന്‍ കണ്ടു. ഞാനൊരു പുസ്തകപ്രേമിയാണ് എനിക്കും ഇനി മുടങ്ങാതെ ബുള്ളറ്റിന്‍ അയക്കാമോ എന്ന് അപേക്ഷിച്ചുകൊണ്ട് അതിലെ വിലാസത്തിലേക്ക് ഒരു കാര്‍ഡ് അയച്ചു.

പിരപ്പന്‍കോട് ജംഗ്ഷനില്‍, പണ്ട് അഞ്ചല്‍പ്പെട്ടി നിന്നിരുന്നയിടത്ത് പോസ്റ്റ് ഓഫീസിന് വേണ്ടി പഞ്ചായത്തിന് മുന്നില്‍ ഒരു പ്ലോട്ട് കെട്ടിതിരിച്ച് ഇട്ടിട്ടുണ്ടെങ്കിലും അന്നും ഇന്നും അവിടെയല്ല പോസ്റ്റ് ഓഫീസ്. കുറെ നടന്ന് കൊപ്പം മഞ്ചാടിമൂട് വരെ പോണം. സംവിധായകന്‍ രാജസേനന്റെ വീടിന് മുന്നിലൂടെ ടാങ്ക് സ്ഥിതി ചെയ്യുന്ന ചെറിയ കുന്ന് കയറിയിറങ്ങി പോസ്റ്റ് ഓഫീസില്‍ പോയി കൂട്ടിവെച്ച കാശ് നല്‍കി കുറേ കാര്‍ഡും സ്റ്റാമ്പുമൊക്കെ വാങ്ങി വെക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *