യൂത്ത് ഫ്രണ്ട് എം. നേതാവ് റെനീഷ് കാരിമറ്റത്തിന് എതിരെ നടപടിയെടുത്ത് യൂത്ത് ഫ്രണ്ട് എം
കോട്ടയം: ഗാന്ധിനഗറിലെ ക്വട്ടേഷൻ ആക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട കേരള കോൺഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എം. നേതാവ് റെനീഷ് കാരിമറ്റത്തിന് എതിരെ നടപടിയെടുത്ത് യൂത്ത് ഫ്രണ്ട് എം. നടപടികളുടെ ആദ്യ ഘട്ടമായി റെനീഷ് കാരിമറ്റത്തിലിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു. കഴിഞ്ഞ ദിവസം ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത ക്വട്ടേഷൻ ആക്രമണക്കേസിൽ റെനീഷ് കാരിമറ്റത്തെയും പ്രതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റെനീഷിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കേസിൽ നിലവിൽ റെനീഷ് കാരിമറ്റം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്ത് വച്ച് യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നത്. ഇതേ തുടർന്ന് അന്വേഷണം നടത്തിയ ഗാന്ധിനഗർ പൊലീസ് കേസിൽ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. ഈ പ്രതികളുടെ മൊബൈൽ ഫോൺ അടക്കമുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കേസിലെ ഗൂഡാലോചന അടക്കമുള്ള വ്യക്തമായത്. തുടർന്ന് പൊലീസ് സംഘം കേസ് അന്വേഷിക്കുകയും എസ്.എച്ച് മൗണ്ടിലെ പച്ചക്കറിക്കട ഉടമയായ നിസാർ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാകുകയുമായിരുന്നു. തുടർന്നാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, നിസാറിനെയും റെനീഷ് കാരിമറ്റത്തിനെയും പ്രതി ചേർക്കുകയും ചെയ്തത്.
