യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

0
samakalikamalayalam 2025 09 03 zyawh786 sujith

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.

ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

സ്റ്റേഷന്റെ മുകളില്‍ കൊണ്ടുപോയി സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയും മര്‍ദ്ദിച്ചിരുന്നതായി സുജിത് പറയുന്നു. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *