സർവീസ് ചട്ടം ലംഘിച്ചു’, ദിവ്യ എസ് അയ്യർക്കെതിരെ പരാതിനൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി.
കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ് അയ്യരുടെ സർവീസ് ചട്ടം ലംഘനമാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ് പോസ്റ്റ് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹന്‍റെ പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
അതേസമയം ദിവ്യയുടെ പുകഴ്ത്തൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയെന്ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട വിജിൽ മോഹൻ അഭിപ്രായപ്പെട്ടു. വാക്കുകൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. പ്രൊഫഷണൽ അഭിപ്രായം എങ്കിൽ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്നും വിജിൽ മോഹൻ ചോദിച്ചു.