യുവതിയുടെ മരണം, വില്ലൻ തുമ്പപ്പൂവ് തോരൻ അല്ലെന്ന് പ്രാഥമിക നിഗമനം
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ വില്ലൻ തുമ്പപ്പൂവ് അല്ലെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ചേർത്തല സ്വദേശി ജെ. ഇന്ദു (42) മരിച്ചത് തുമ്പപ്പൂവ് തോരൻ കഴിച്ചതിനെ തുടർന്നാണെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. തോരൻ കഴിച്ച മറ്റു ബന്ധുക്കൾക്ക് ഇതുവരെയും ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടില്ല. അതിനാലാണ് ഇന്ദുവിന്‍റെ മരണത്തില്‍ വില്ലൻ തുമ്പപ്പൂവ് അല്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നത്.
യുവതിക്ക് പ്രമേഹം തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോക്ടർ പറയുന്നു.വ്യാഴാഴ്ച രാത്രിയാണ് ഇന്ദു തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചത്. ഇതേ തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വെള്ളിയാഴ്ച എറണാകുളം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു യുവതിയുടെ മരണം. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്