നാട്ടുകാരെകൊണ്ട് പിഴയടപ്പിച്ചു ശീലിച്ച എംവിഡിയോട് ‘പ്രതികാരം ‘ ചെയ്‌ത് യുവാവ്

കൊല്ലം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ ഔദ്യോഗിക വാഹനത്തിന് തന്നെ പിഴയടപ്പിച്ച് യുവാവ്. കൊല്ലം ഓയൂർ ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ അൽത്താഫ് എന്ന യുവാവിന് എംവിഡി 2000 രൂപ പിഴയിട്ടിരുന്നു. ഇതിനെ തുടർന്നാണ് യുവാവ് എംവിഡിക്കെതിരെ തിരിച്ചടിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് അൽത്താഫും ചോദിച്ചു. തുടർന്ന് അവരുടെ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരോട് അവരുടെ വാഹനത്തിന് പിഴ ഇടാൻ ആവശ്യപ്പെടുകയും ചെയ്‌തു.
തന്‍റെ വാഹനത്തിന് രണ്ട് ദിവസം മുമ്പ് എംവിഡി 5000 രൂപ പിഴയിട്ടുവെന്നും, പൊല്യൂഷൻ സർട്ടിഫിക്കറ്റില്ല എന്ന കാരണത്താൽ 2000 രൂപയാണ് പിഴയടച്ചതെന്നും അതിനാൽ സർക്കാർ വാഹനത്തിനും അതേ പിഴ ഈടാക്കണമെന്നും അൽത്താഫ് പറഞ്ഞു.അതേസമയം ഈ വാഹനത്തിന്‍റെ പിഴ തങ്ങൾ അടച്ചോളാം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോള്‍, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ അപ്പോൾ വാഹനം ഓടുന്നതെന്ന് യുവാവ് തിരിച്ചു ചോദിക്കുന്നത് വീഡിയോയിൽ കാണാം. നിങ്ങളുടെ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണ്ടേ എന്ന യുവാവിന്‍റെ ചോദ്യത്തിന് വേണമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകുന്നുണ്ട്.
സർക്കാര്‍ വാഹനത്തിനും പിഴ അടിക്കാൻ യുവാവ് ആവശ്യപ്പെടുന്നുണ്ട്. ജീവിക്കാൻ വേണ്ടി റോഡിലിറങ്ങുന്നവർക്ക് താങ്ങാനാകാത്ത പിഴ ഈടാക്കുന്ന നിങ്ങൾ സർക്കാർ വാഹനത്തിന് എന്തുകൊണ്ടാണ് പിഴ ഈടാക്കാത്തതെന്ന് യുവാവ് ചോദിച്ചു. ജനുവരി 25ന് എംവിഡി വാഹനത്തിന്‍റെ പൊല്യൂഷൻ സർട്ടിഫിക്കറ്റിന്‍റെ കാലാവധി തീർന്നെന്നും ഇത് ഫെബ്രുവരിയാണെന്നും യുവാവ് ഓർമപ്പെടുത്തി.
ഇതിനിടെ വാഹനം മുന്നോട്ട് എടുത്ത് എംവിഡി ഉദ്യോഗസ്ഥർ പോകാൻ ശ്രമിക്കുമ്പോൾ യുവാവ് മുന്നിൽ കയറി തടസം സൃഷ്‌ടിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. സൗമ്യമായി പെരുമാറിയ എംവിഡി ഉദ്യോഗസ്ഥർ ഒടുവിൽ എംവിഡി വാഹനത്തിനും പിഴയിട്ടു. പിഴയിട്ടത് യുവാവിനെ കാണിക്കുന്നതും ദൃശ്യത്തിൽ കാണാൻ കഴിയും. അതേസമയം, നിരവധിപേരാണ് യുവാവിന്‍റെ നടപടിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. നിമയം എല്ലാവര്‍ക്കും ബാധകമാണെന്നും പലരും അഭിപ്രായപ്പെട്ടു.