കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ റോഡരികിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം സ്വദേശി അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം .
കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. ഇതിനിടയിൽ ഒമ്പതാം വളവിൽ എത്തിയപ്പോൾ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അമൽ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം നോക്കി നിൽക്കെയാണ് അമൽ കൊക്കയിലേക്ക് കാൽ തെന്നി വീണത്.
കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് മറ്റ് വാഹനത്തിൽ ഉള്ളവരും പുറത്തിറങ്ങി രക്ഷാപ്രവർത്തനം നടത്താൻ നോക്കിയെങ്കിലും കൊക്കയിലേക്ക് ഇറങ്ങാൻ ആയില്ല. തുടർന്ന് കൽപ്പറ്റയിലെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി കോക്കയിലേക്ക് ഇറങ്ങി അമലിനെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി