മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു.

0

കൊച്ചി: സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ (21) ആണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എറണാകുളം എക്സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് മാനസിക വെല്ലുവിളി  നേരിടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നിന്റെ 75 ഗുളികകൾ കണ്ടെടുത്തു.

ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷം കഠിന തടവും ഒരു ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റമാണ്. 15 ഗ്രാം വരുന്ന ഗുളികകളാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്. നേരത്തെ പവർലിഫിറ്റിംഗ് മത്സരത്തിന് പങ്കെടുക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞ് മുഹമ്മദ് അമാൻ വീട്ടുകാരിൽ നിന്ന് പണം വാങ്ങിയ ശേഷം ഈ പണം സുഹൃത്തുകളുമായി വഴിവിട്ട് ചെലവഴിച്ചിരുന്നു. ഇത് മനസിലാക്കിയ വീട്ടുകാർ പിന്നീട് പണം നൽകുന്നത് അവസാനിപ്പിക്കുകയും ഇയാളുടെ ആവശ്യപ്രകാരം തന്നെ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ ഷോപ്പിൽ ശമ്പളം നൽകി ജോലിക്ക് നിർത്തുകയും ചെയ്തിരുന്നു.

ശമ്പളം കിട്ടുന്ന തുക മതിയാകാതെ വന്നപ്പോൾ മെഡിക്കൽ ഷോപ്പിൽ സൂക്ഷിച്ചിരുന്ന മയക്കുഗുളികകൾ സുഹൃത്തുക്കൾ വഴി ആവശ്യക്കാരെ കണ്ടെത്തി ഇയാൾ മറിച്ചു വിറ്റു വരുകയായിരുന്നു. വെറും ഒൻപത് രൂപ മാത്രം വിലയുള്ള ഒരു ‌ഗുളിക 100 രൂപയ്ക്കാണ് ഇയാൾ മറിച്ചുവിറ്റിരുന്നത്. കലൂർ, പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ മേൽ മേൽനോട്ടത്തിലുള്ള ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മയക്കുമരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേയായാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

മയക്കുമരുന്ന് ഇതുവരെ ഉപയോഗിക്കാത്തവർക്ക് ഉപയോഗിച്ച് നോക്കുന്നതിന് മരുന്നിന്റെ സാമ്പിൾ ‘ടെസ്റ്റ് ഡോസ്’ ആയി സൗജന്യമായും  നൽകിയിരുന്നു. ഇതിനുശേഷം ആവശ്യമെങ്കില്‍ മുൻകൂട്ടി ഓർഡർ ചെയ്യണം. ഈ ഗുളികകൾ കഴിച്ചാൽ എച്ച്.ഡി. വിഷനിൽ വിവിധ വർണങ്ങളില്‍ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉന്മേഷത്തോടെ ഇരിക്കാനാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ആളുകളെ ആകർഷിച്ചിരുന്നത്.

ഈ മരുന്നിന്റെ അനാവശ്യമായ ഉപയോഗം അമിത രക്തസമ്മർദം, നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം,ഹൃദയാഘാതം എന്നിവ സംഭവിക്കാന്‍ കാരണമാകുെമന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. ബൈപോളാർ ഡിസോഡർ, ഇൻസോ മാനിയ, അമിതഭയം, ഉത്കണ്ഠ തുടങ്ങിയ അസുഖങ്ങൾക്കാണ് ഈ മരുന്ന് ഉപയോഗിച്ച് വരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഇത്രയും ഏറെ അളവിൽ പിടികൂടുന്നത്.  ഷെഡ്യൂൾഡ് 4 വിഭാഗത്തിൽപ്പെടുന്ന ഈ മരുന്ന് അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ.

ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി മാത്രമാണ് മരുന്ന് ലഭിക്കുക. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്. ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എറണാകുളം സ്പെഷ്യൽ സ്ക്വാസ് ഇൻസ്പെക്ടർ, കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി.ടോമി, എറണാകുളം ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ സി.പി, സജോ വർഗീസ്, ടി.ടി. ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *