ക്രിസ്‌മസ് കരോൾ തടഞ്ഞതിലും പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനത്തെയും പരിഹാസത്തോടെ വിമർശിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്
“അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ..!”
തൃശൂർ: പാലക്കാട് സ്‌കൂളിൽ ക്രിസ്മസ് കരോൾ തടഞ്ഞ സംഭവത്തിലും, പുൽക്കൂട് തകർത്ത സംഭവത്തിലും
പ്രധാനമന്ത്രി ദില്ലിയിൽ CBCI ചർച്ച് സന്ദർശിച്ചതും ചേർത്തുവെച്ച് പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഫേസ്ബുക്കിലൂടെയായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസിന്റെ വിമർശനം .
“അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ..!” എന്നായിരുന്നു മാർ മിലിത്തിയോസിന്റെ പരിഹാസം.
പ്രധാനമന്ത്രി ബിജെപിയുടെ പ്രതിനിധിയാണ്. ഇതേ ബിജെപിയുടെ പോഷക സംഘടനയാണ് പാലക്കാട് പുൽക്കൂടുകൾ നശിപ്പിച്ചത്. ഇവർ തന്നെയാണ് ക്രൈസ്തവ, മുസ്ലിം പള്ളികൾ പൊളിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം ഉപഘടകങ്ങൾ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഒന്നുകിൽ രാജ്യം വിട്ടുപോകുക അല്ലെങ്കിൽ സവർണ്ണ ഹിന്ദുക്കൾക്ക് അടിമയായി ജീവിക്കുക എന്നതാണ് ഇവരുടെ നിലപാട് എന്നും സംഘപരിവാറിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ നാടകീയ മാർഗമാണെന്നും യൂഹാനോൻ മാർ മിലിത്തിയോസ് വിമർശിച്ചു.