കുംഭമേളയ്‌ക്കിടെ മന്ത്രിസഭായോഗം: വമ്പന്‍ പ്രഖ്യാപനങ്ങൾ നടത്തി യോഗി
പ്രയാഗ്‌രാജ് : പ്രയാഗ് രാജിൽ മന്ത്രിസഭായോഗം ചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗത്തിൽ ഹത്രാസ്, കാസ്‌ഗഞ്ച്, ബാഗ്‌പത് എന്നിവിടങ്ങളിൽ മൂന്ന് മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമെന്നതടക്കമുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടാതെ സംസ്ഥാനത്തുടനീളം 62 വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ, കണ്ടുപിടുത്തം നടത്തുന്നതിനായുള്ള അഞ്ച് കേന്ദ്രങ്ങൾ, കണ്ടുപിടിത്തങ്ങൾക്ക് പരിശീലനം നൽകുന്നതിനുള്ള കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉത്തർപ്രദേശിലെ എയ്‌റോസ്‌പേസ്, പ്രതിരോധ, തൊഴിൽ നയം പുതുക്കാനുള്ള തീരുമാനവും യോഗത്തിൽ കൈക്കൊണ്ടു. കൂടാതെ, സംസ്ഥാനത്ത് നിക്ഷേപം ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജ്, വാരണാസി, ആഗ്ര എന്നീ മൂന്ന് പ്രധാന മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബോണ്ടുകൾ പുറത്തിറക്കും. മുനിസിപ്പൽ കോർപ്പറേഷനെ എടുത്തുകാണിക്കുന്നതിനായി ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിൻ്റെ മാതൃകയിൽ പ്രയാഗ്‌രാജ് മുതൽ ചിത്രകൂട് വരെ വികസന മേഖലയാക്കുമെന്ന് യോഗി പറഞ്ഞു. നീതി ആയോഗ് പദ്ധതിയുമായി സഹകരിച്ച് വാരണാസിയിലും വികസനം കൊണ്ടുവരും.പ്രയാഗ്‌രാജ് – മിർസാപൂർ, ഭദോഹി – കാശി, ചന്ദൗലി – ഗാസിപൂർ, എന്നീ സ്ഥലങ്ങളിലുടെ പോകുന്ന ഗംഗാ എക്‌സ്‌പ്രസ്‌വേയെ ഗാസിപൂരിലെ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയുമായി ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗംഗാ എക്‌സ്‌പ്രസ്‌വേയെ സോൻഭദ്ര ദേശീയ പാതയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ മന്ത്രിസഭായോഗം ചേർന്നതിന് യോഗി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. രാഷ്ട്രീയമോ രാഷ്ട്രീയപരമായ തീരുമാനങ്ങൾ എടുക്കേണ്ട സ്ഥലമല്ല കുംഭമേളയെന്ന് അഖിലേഷ് വിമർശിച്ചു.