ബോംബെ യോഗക്ഷേമ സഭയുടെ സുവ്വർണ്ണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി.
ഡോംബിവലി: ‘ദിശ@50’ എന്ന പേരിട്ട ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും ഡോംബിവിലി വെസ്റ്റിലുള്ള കുംബർ ഖാൻപാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. ദീപപ്രോജ്വലനത്തോടൊപ്പം അമ്പതുഗായകർ അണിനിരന്ന സുവർണഗീതം എന്ന അവതരണ ഗാനം അവിസ്മരണീയമായിരുന്നു.
പ്രസിഡണ്ട് രാധാകൃഷ്ണൻ മുണ്ടയൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി സൂരജ് ഞാളൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിജു മരുത്തശ്ശേരിൽ, മുരളി കപ്ലിങ്ങാട്, മുരളി നരിപ്പറ്റ, ശ്രീധരൻ അക്കരച്ചിറ്റൂർ, മോഹനൻ ആലക്കാട്ട്, മുരളി കോവൂർ എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സുനിത ഏഴുമാവിന്റെ ‘പറയിയമ്മ’ എന്ന സംഗീതാൽബത്തിന്റെ പ്രകാശനവും ഓണാഘോഷ വേദിയിൽ വച്ച് നടക്കുകയുണ്ടായി. കൃഷ്ണമോഹൻ നെടുമ്പള്ളി അഭിനയിച്ച
‘ലപണ്ഡാവ്’ എന്ന മറാഠി ഷോർട്ട് ഫിലിമും പ്രദർശിപ്പിക്കപ്പെട്ടു. കൃഷ്ണപ്രിയ പരിപാടികൾ ഏകോപിപ്പിച്ചു. ബിന്ദു രവി നന്ദി പ്രകാശിപ്പിച്ചു. ആലയ്ക്കാട് മോഹനൻ, മുരളി കപ്ലിങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ വനിതാ-യുവജന വിഭാഗങ്ങളും മറ്റംഗങ്ങളും ചേർന്നൊരുക്കിയ ഓണസ്സദ്യയും ഉണ്ടായിരുന്നു.
പൂക്കള മത്സരത്തിൽ ബി.എ.ആർ.സി. ടീം ഒന്നാം സ്ഥാനക്കാരായി. ആവേശകരമായ വടം വലിയോടു കൂടി ഓണാഘോഷ പരിപാടികൾക്ക് സമാപനമായി.
ഈ ഓണംമുതൽ അടുത്ത ഓണംവരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ നൃത്തോത്സവവും സംഗീതോത്സവവും സാഹിത്യമത്സരങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.