യദുവിനെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കാനുള്ള പോലീസിന്റെയും മേയറുടെയും എംഎൽഎയുടെയും ബുദ്ധിയാണോ?

രഞ്ജിത്ത് തുളസി
തിരുവനന്തപുരം: കേസുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് കേരള പോലീസ് അന്വേഷിക്കുന്നത്. ഒരാളെ കാണാതെ പോകുമ്പോഴും, അല്ലെങ്കിൽ കേസിലെ പ്രതികൾ പോലീസിനെ മുങ്ങി നടക്കുമ്പോഴും സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കാറുണ്ട്.
എന്നാൽ കെഎസ്ആർടിസി ബസ് ഓടിച്ച് യദു ഒളിവിൽ പോകുകയോ, തന്റെ ഫോൺ രേഖകൾ എടുക്കേണ്ട കുറ്റകൃത്യങ്ങളോന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് പോലീസ് തിടുക്കപ്പെട്ട ഫോൺ രേഖകൾ എടുത്തത്. യെദുവിനെതിരെ സൈബർ കുറ്റകൃത്യങ്ങൾ ഒന്നുമില്ല കെഎസ്ആർടിസി ബസ്സിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ. യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറുമാണ് വിളിക്കുന്നത്. കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറായ യദുവിനെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ ഫോൺ രേഖകൾ പരിശോധിക്കേണ്ട കാര്യം എവിടെയും വരുന്നില്ല.
ഇത് യദുവിനെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കാനുള്ള പോലീസിന്റെയും മേയറുടെയും എംഎൽഎയുടെയും ബുദ്ധിയാണോ? പോലീസ് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ ഉൾപ്പെടെയുള്ള കേരളത്തിലെ ഒട്ടുമിക്ക ആളുകളും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്. ബസ്സിലെ മെമ്മറി കാർഡ് കാണാത്ത സംഭവമാണ് പോലീസ് അന്വേഷിക്കുന്നത്. അതേപോലെ മേയർ നൽകിയ പരാതിയിലുമാണ് പോലീസ് അന്വേഷിക്കുന്നത്. മേയർക്കെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചപ്പോൾ ഇന്നലെ ദുർബല വകുപ്പുകൾ ചുമത്തിയാണ് മേയർക്കും ഒപ്പമുണ്ടായിരുന്ന അഞ്ചുപേർക്കും എതിരെ കേസടുത്തത്.
ഇതിന്റെ വൈരാഗ്യമാണോ പോലീസ് ജോലി നഷ്ടപ്പെടുത്തുന്ന രീതിയിൽ ഇങ്ങനെ ഒരു റിപ്പോർട്ടുമായി വന്നത്. പോലീസ് രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുകയാണോ. മെയറും സംഘവും കെഎസ്ആർടിസി ബസിന്റെ സർവീസ് തടസ്സപ്പെടുത്തിയില്ലയെന്ന പോലീസ് വാദം പൊളിഞ്ഞതോടെയാണ് പോലീസ് പുതിയ ആരോപണവുമായി രംഗത്ത് വന്നത്. വിവാദമായ ബസ്സിലെ മെമ്മറി കാർഡ് സംരക്ഷിക്കാൻ കഴിയാത്ത പോലീസാണ് എംഎൽഎമാരെയും മേയറേയും സംരക്ഷിക്കുവാനും, താൽക്കാലിക ജീവനക്കാരന്റെ ജോലി നഷ്ടപ്പെടുത്തുവാനും പുതിയ കഥയുമായി വന്നത്. നിയമം പാലിച്ച് മാതൃകയാകേണ്ട നിയമപാലകർ തന്നെ വിവേചനം കാണിക്കുന്ന കാഴ്ചയാണ് ചുറ്റിലും കാണാൻ കഴിയുന്നത്.