യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും
ഡല്‍ഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ നാളെയാണ് പൊതുദർശനം. രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ നീളുന്ന പൊതുദർശനത്തിൽ സമൂഹത്തിന്‍റെ വിവിധ തുറകളിൽ പെടുന്നവർ ആദരാജ്ഞലി അർപ്പിക്കാൻ എത്തും. മെഡിക്കൽ വിദ്യാർഥികൾക്ക് പഠന -ഗവേഷണങ്ങൾക്കായി ഡൽഹി എയിംസിന് മൃതദേഹം വിട്ടുനൽകും.
ശ്വാസകോശത്തെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്നലെ വൈകിട്ടാണ് അന്തരിച്ചത്. 72 വയസായിരുന്നു. 1952 ആഗസ്ത് 12ന് ആന്ധ്രാ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് യെച്ചൂരിയുടെ ജനനം.1974ലാണ് എസ്എഫ്ഐയിലൂടെ ചേരുന്നത്. ജെഎൻയുവിലെ പഠനകാലത്താണു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയ്‍ക്കെതിരെ കാംപസിലും പുറത്ത് രാജ്യതലസ്ഥാനത്തും നടന്ന വിദ്യാര്‍ഥി പ്രധിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു യെച്ചൂരി.
യെച്ചൂരിയുടെ നിര്യാണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു. ഇടതു പക്ഷത്തെ മുന്നിൽ നിന്നു നയിച്ച വെളിച്ചമായിരുന്നു സീതാറാം യെച്ചൂരി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്. ഇന്ത്യാമുന്നണിയെന്ന് മതേതരരാഷ്ട്രീയ ആശയത്തിന്റെ കാവലാളാണ് അന്തരിച്ച സീതാറാമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു