സ്കൂബാ ഡെെവിങ്ങിനിടെ, വർക്കലയിൽ കടലിന്റെ അടിത്തട്ടിൽ അജ്ഞാത കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി.
വർക്കല: സ്കൂബാ ഡെെവിങിനിടെ വർക്കലയ്ക്ക് സമീപം കടലിന്റെ അടിത്തട്ടിൽനിന്നും അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ചുതെങ്ങിനും വർക്കലയ്ക്കും മധ്യേ നെടുങ്കണ്ടയിൽനിന്ന് 11 കിലോമീറ്റർ അകലെ പുതിയ ഡൈവിങ് സ്ഥലം കണ്ടെത്താനുള്ള തിരച്ചിലിനിടെ സ്കൂബാ ഡെെവിങ് സംഘമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മേൽപ്പരപ്പിൽനിന്നും 30 മീറ്റർ ആഴത്തിൽ എത്തിയപ്പോഴേക്കും അവശിഷ്ടങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
രണ്ടാം ലോക യുദ്ധകാലത്ത് തകർന്ന ബ്രിട്ടീഷ് കപ്പലോ അല്ലെങ്കിൽ വർഷങ്ങൾക്കു മുമ്പ് കടലിന്റെ ആഴങ്ങളിൽ പെട്ടുപോയ ഡച്ച് കപ്പലിന്റെ അവശിഷ്ടങ്ങളോ ആകാമെന്നാണ് നിഗമനം. ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.