ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി സ്വന്തമാക്കി ഇൻസ്റ്റഗ്രാം
ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിനെ പിന്തള്ളിയാണ് ഇൻസ്റ്റഗ്രാം ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2023-ൽ 76.7 കോടി ആളുകളാണ് ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്തിട്ടുള്ളത്. മുൻ വർഷത്തേക്കാൾ 20 ശതമാനം വർദ്ധനവ് നേടാൻ ഇൻസ്റ്റഗ്രാമിന് കഴിഞ്ഞു. അതേസമയം, 73.3 കോടി ടിക്ടോക്ക് ഡൗൺലോഡ് ചെയ്തിട്ടുള്ളത് ആളുകളാണ്.
2010-ലാണ് ഇൻസ്റ്റാഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത്. ആദ്യ കാലത്ത് മികച്ച പ്രതികരണം നേടാൻ സാധിച്ചിരുന്നെങ്കിലും, ടിക്ടോക്കിന്റെ വരവോടെ ഇൻസ്റ്റഗ്രാമിന്റെ ജനപ്രീതി താഴുകയായിരുന്നു. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ വലിയ രീതിയിലുള്ള തരംഗമാണ് ടിക്ടോക്ക് ലോകമെമ്പാടും സൃഷ്ടിച്ചത്. എന്നാൽ, ടിക്ടോക്കിന്റെ വെല്ലുവിളി മറികടക്കുന്നതിനായി റീൽസ് എന്ന ഷോർട്ട് വീഡിയോ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചു. ഈ സേവനമാണ് യുഎസിൽ ഇൻസ്റ്റഗ്രാമിന് രണ്ടാമതും സ്വീകാര്യത നേടിയെടുക്കാൻ സഹായിച്ച പ്രധാന ഘടകം.
പ്രതിമാസം 150 കോടി സജീവ ഉപഭോക്താക്കളാണ് ഇൻസ്റ്റഗ്രാമിന് ഉള്ളത്. അതേസമയം, ടിക്ടോക്കിന് 110 കോടിക്ക് മുകളിൽ സജീവ ഉപഭോക്താക്കൾ ഉണ്ട്. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ ടിക് ടോക് നിരോധിച്ചിരിക്കുകയാണ്. രാജ്യ സുരക്ഷയെ മുൻനിർത്തിയാണ് ടിക്ടോക്കിനെ നിരോധിച്ചത്.