ലോക ബോക്സിങ് കപ്പ്: ഇന്ത്യയ്ക്ക് മൂന്ന് സ്വർണമടക്കം 11 മെഡലുകള്‍

കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ലോക ബോക്സിങ് കപ്പിൽ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യൻ ബോക്സർമാർ. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ യോസ്ലിൻ പെരസിനെതിരെ വീഴ്ത്തി സാക്ഷിയും 57 കിലോഗ്രാം വിഭാഗത്തില്‍ ബ്രസീലിന്റെ ജൂസിയെൻ സെക്വീറ റോമുവിനെ 4:1 എന്ന സ്കോറിന് തോല്‍പ്പിച്ച ജെസ്മിനും, 80+ കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ യെൽദാന താലിപോവയുടെ വെല്ലുവിളി മറികടന്ന് നൂപുരും സ്വർണ്ണം സ്വന്തമാക്കി .
മൂന്ന് സ്വർണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 11 മെഡലുകളാണ് അസ്താനയിലെ ബോക്സിങ് റിങ്ങിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയത്. അവസാന ദിവസത്തിലെ ആദ്യ സെഷനിൽ, മികച്ച പ്രകടനത്തിലൂടെ സാക്ഷിയാണ് ഇന്ത്യയുടെ സ്വർണ്ണ മെഡൽ അക്കൗണ്ട് തുറന്നത്.
നേരത്തെ, 48 കിലോഗ്രാം ഫൈനലിൽ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് നസിം കൈസൈബേയ്ക്കെതിരെ മീനാക്ഷി കഠിനമായി പരിശ്രമിച്ചെങ്കിലും 3-2ന് താരം വീണു. ജുഗ്നൂ (പുരുഷന്മാരുടെ 85 കിലോഗ്രാം), ഒളിമ്പ്യൻ പൂജ റാണി (സ്ത്രീകളുടെ 80 കിലോഗ്രാം), ഹിതേഷ് ഗുലിയ (പുരുഷന്മാരുടെ 70 കിലോഗ്രാം), അഭിനാഷ് ജാംവാൾ (പുരുഷന്മാരുടെ 65 കിലോഗ്രാം) എന്നിവരും ഫൈനലിൽ പരാജയപ്പെട്ടെങ്കിലും വെള്ളി മെഡലുകൾ നേടി നാട്ടിലേക്ക് മടങ്ങി. ജുഗ്നൂ കസാക്കിസ്ഥാന്റെ ബെക്സാദ് നൂർദൗലെറ്റോവിനോട് 5-0 ന് പരാജയപ്പെട്ടപ്പോൾ, പൂജ ഓസ്ട്രേലിയയുടെ എസെറ്റ ഫ്ലിന്റിനോട് സമാനമായ ഒരു സ്കോറിനാണ് വീണത്.
വൈകുന്നേരത്തെ സെഷനിൽ, ഹിതേഷ് ബ്രസീലിന്റെ കൈയാൻ ഒലിവേരയോട് 5-0 ന് പരാജയപ്പെട്ടു. ജാംവാൾ യൂറി ഫാൽക്കാവോയോട് 3-2 ന് സ്പ്ലിറ്റ് ഡിസിഷൻ തോൽവി ഏറ്റുവാങ്ങി. അതേസമയം, സഞ്ജു (വനിതകളുടെ 60 കിലോഗ്രാം), നിഖിൽ ദുബെ (പുരുഷന്മാരുടെ 75 കിലോഗ്രാം), നരേന്ദർ ബെർവാൾ (പുരുഷന്മാരുടെ 90+ കിലോഗ്രാം) എന്നിവർ വെങ്കല മെഡലുകൾ വീതം നേടി. ഏപ്രിലിൽ ബ്രസീലിൽ നടന്ന ആദ്യ പാദത്തിൽ ഇന്ത്യ ഒരു സ്വർണ്ണവും ഒരു വെള്ളിയും ഉൾപ്പെടെ ആറ് മെഡലുകൾ നേടിയിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പുകൾ കാരണം ഇന്ത്യൻ വനിതകൾ ബ്രസീലിൽ മത്സരിച്ചില്ല. ജയിച്ച താരങ്ങള്‍ നവംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബോക്സിങ് കപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. കസാക്കിസ്ഥാൻ ലെഗിൽ ഒളിമ്പ്യന്മാർ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം ബോക്സർമാർ മത്സരിച്ചു. അസ്താന മീറ്റിനായി ഇന്ത്യ 20 അംഗ ടീമിനെയായിരുന്നു അയച്ചത്.