കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിനന്ദിച്ച്‌ ലോക ബാങ്ക്

0

എറണാകുളം :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോക ബാങ്ക് പ്രതിനിധി സംഘം അഭിനന്ദിച്ചു.. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വിവിധ മേഖലകളിൽ ലോക ബാങ്ക് കേരളത്തിന് സഹായം വാഗ്‌ദാനം ചെയ്‌തു. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘മികവിന്‍റെ കേന്ദ്രങ്ങൾ പദ്ധതി’ രാജ്യാന്തര നിലവാരത്തിൽ ഉള്ളതാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നോവേഷൻ, കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്, കേരള റിസേർച്ച് നെറ്റ്‌വർക്ക് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ, സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ് തുടങ്ങി ഏഴ് മികവിന്‍റെ കേന്ദ്രങ്ങളാണ് വിവിധ സർവകലാശാലകളുടെ കീഴിൽ ഉപ കേന്ദ്രങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർമ്മിത ബുദ്ധി, അന്താരാഷ്ട്ര വത്‌ക്കരണം, സംരംഭകത്വം തുടങ്ങി വിവിധ വിഷയങ്ങളിൽ എങ്ങനെ പരസ്‌പര സഹകരണവും ധനസഹായവും ഉറപ്പുവരുത്താം എന്നും പ്രതിനിധി സംഘം ചർച്ച ചെയ്‌തു.

ജനുവരി 14, 15 സർവകലാശാലയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്‍റെ ഭാഗമായാണ് ലോകബാങ്ക് പ്രതിനിധി സംഘം കേരളത്തിൽ എത്തിയത്. ലോകബാങ്ക് ടെർഷറി എജ്യൂക്കേഷൻ ഗ്ലോബൽ ഹെഡ് ഡോ. നിന ആർനോൾഡ്, സീനിയർ എജുക്കേഷൻ സ്പെഷ്യലിസ്‌റ്റ് ഡോ. ഡെനിസ് നിക്കോളേവ്, സൗത്ത് ഏഷ്യാ മേഖല എജുക്കേഷൻ കൺസൾട്ടൻ്റ് അംബരിഷ് അംബുജ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക സംഘടനയായ ഒഇസിഡിയും(Organization for Economic Cooperation and Development) കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു.ഉന്നത വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഹെഡ് ഡോ. സ്‌റ്റെഫാൻ വിൻസെൻ്റുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ മികവിൻ്റെ കേന്ദ്രമായ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ്ങുമായി സഹകരിക്കാനും ധാരണയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *