വനിതാ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം; സ്കോട്‌ലൻഡിനെ 80 റൺസിനു തകർത്തു
ദുബായ്∙ സ്കോട്‌ലൻഡിനെതിരായ വനിതാ ലോകകപ്പ് ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 80 റൺസിന്റെ കൂറ്റൻ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. ക്യാപ്റ്റൻ ലോറ വോൾവാർട്ട് (27 പന്തിൽ 40), ടസ്മിൻ ബ്രിറ്റ്സ് (35 പന്തിൽ 43), മരിസെയ്ൻ കാപ് (24 പന്തിൽ 43) എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.മറുപടി ബാറ്റിങ്ങിൽ സ്കോട്‌ലൻഡ് 17.5 ഓവറിൽ 86 റൺസിന് പുറത്തായി. 4 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ നൻകുലുലേകോ മലാബയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. ആദ്യ 3 മത്സരങ്ങളും തോറ്റ സ്കോട്‌ലൻഡ് ടൂർണമെന്റിൽ നിന്നു പുറത്തായി.