വനിതാ ട്വന്റി20: ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 12 റൺസ് ജയം
ചെന്നൈ : ഏകദിന, ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവികളുടെ നിരാശ മായിച്ച് ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയുടെ തിരിച്ചടി. ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 12 റൺസ് ജയം.
ആദ്യം ബാറ്റു ചെയ്ത് 189 റൺസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബാറ്റർമാരും തിരിച്ചടിച്ചെങ്കിലും ജയത്തിന് അരികെ പൊരുതി വീണു. ജയിക്കാൻ 21 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 8 റൺസ് മാത്രമാണ് ഇന്ത്യയ്ക്കു നേടാനായത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ 4ന് 189. ഇന്ത്യ 20 ഓവറിൽ 4ന് 177. ജമൈമ റോഡ്രിഗസും (30 പന്തിൽ 50 നോട്ടൗട്ട്), സ്മൃതി മന്ഥനയും (30 പന്തിൽ 46) ഇന്ത്യൻ ബാറ്റിങ്ങിൽ തിളങ്ങി.