മോദി മന്ത്രിസഭയിലേക്ക് കൂടുതൽ വനിതകൾക്ക് പരിഗണന; ടി.ഡി.പി. മന്ത്രിമാരിൽ ധാരണ
ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് കൂടുതൽ വനിതകൾക്ക് പരിഗണന. ബൻസുരി സ്വരാജ്, ഡോ.ലത വാങ്കടേ, സാവിത്രി താക്കൂർ എന്നിവർ മന്ത്രിമാരാകും. മൂന്നാം മോദി സർക്കാരിലെ തെലുഗുദേശം പ്രതിനിധികളുടെ കാര്യത്തിൽ ധാരണയായി. ശ്രീകാകുളം മണ്ഡലത്തിൽ ജയിച്ച കിഞ്ചരപ്പു റാം മോഹൻ നായിഡു ക്യാബിനറ്റ് മന്ത്രിയാകും.
ടിഡിപിയിലെ പെമ്മസാനി ചന്ദ്രശേഖർ, വെമിറെഡ്ഡി പ്രഭാകർ റെഡ്ഡി എന്നിവർ സഹമന്ത്രിമാരാകും. നാലാം മന്ത്രിയുണ്ടെങ്കിൽ ഡി പ്രസാദ റാവു, ടി കൃഷ്ണ പ്രസാദ് എന്നിവരിൽ ഒരാൾ മന്ത്രിയാകും. മുൻ ലോക്‌സഭാ സ്പീക്കറുടെ മകൻ ജിഎം ഹരിഷ് ബാലയോഗി ഡെപ്യൂട്ടി സ്പീക്കറാകും. ഞായറാഴ്ച വൈകിട്ടാണ് മൂന്നാം മോദി സർക്കാർ അധികാരമേൽക്കുക. മോദിക്കൊപ്പം 57 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, തൃശ്ശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തും. പാർട്ടി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്