ലോക വനിതാദിനത്തിൽ പ്രധാനമന്ത്രിക്ക് : വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും

ഗുജറാത്ത്: മാർച്ച് 8 ലോകവനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷ മുഴുവനും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുന്നത്.മാർച്ച് 8ന് ഗുജറാത്തിലെ നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര വനിതാ ദിന പരിപാടി പൂർണ്ണമായും നിയന്ത്രിക്കുന്നത് ഗുജറാത്ത് പോലീസിലെ വനിതാ ഉദ്യോഗസ്ഥരായിരിക്കും.
2,145 വനിതാ കോൺസ്റ്റബിൾമാർ, 187 വനിതാ സബ് ഇൻസ്പെക്ടർമാർ, 61 വനിതാ ഇൻസ്പെക്ടർമാർ, 16 വനിതാ ഡെപ്യൂട്ടി എസ്.പിമാർ, അഞ്ച് വനിതാ എസ്.പിമാർ, ഒരു വനിതാ ഐജി, ഒരു വനിതാ എഡിജിപി എന്നിവർ പ്രധാനമന്ത്രി ഇറങ്ങുന്ന ഹെലിപാഡ് മുതൽ വേദി വരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഗുജറാത്തിലെ വനിതാ ആഭ്യന്തര സെക്രട്ടറി നിപുമ ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. 150,000-ത്തിലധികം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും.
നവ്‌സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ലഖ്പതി ദീദി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ലാഖ്പതി ദീദികളുമായി സംവദിക്കുകയും ചെയ്യും. അവരിൽ അഞ്ച് പേർക്ക് ലാഖ് പതി ദീദി സർട്ടിഫിക്കറ്റുകൾ നൽകി പ്രധാനമന്ത്രി ആദരിക്കും. 2023 ഓഗസ്റ്റ് 15 ന് മോദി സർക്കാർ ആരംഭിച്ചതാണ് ലാഖ്പതി ദീദി പദ്ധതി. ഗുജറാത്ത് സർക്കാരിന്റെ ജി-സഫാൽ (ഗുജറാത്ത് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള പദ്ധതി) പദ്ധതിയും ജി-മൈത്രി (ഗുജറാത്ത് മെന്റർഷിപ്പ് ആൻഡ് ആക്സിലറേഷൻ ഓഫ് ഇൻഡിവിഡ്‌സ് ഫോർ ട്രാൻസ്‌ഫോമിംഗ് റൂറൽ ഇൻകം) പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.