സ്ത്രീകൾക്ക് പ്രതിവർഷം 1 ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50% സംവരണം: രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി
ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കം മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി.നിര്‍ധനരായ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ അടക്കം അഞ്ച് ഗ്യാരണ്ടിയാണ് രാഹുൽ പ്രഖ്യാപിച്ചത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നടന്ന വനിതാ റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം.
നിര്‍ധനരായ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം ഇരട്ടിയാക്കൽ, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കാനും അവ നടപ്പിലാക്കാനും ഓരോ പഞ്ചായത്തിലും ഒരോ അധികാർ മൈത്രി, ഓരോ ജില്ലയിലും വനിതകൾക്ക് ചുരുങ്ങിയത് ഒരു ഹോസ്റ്റൽ, നിലവിലുള്ള വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ ഇരട്ടിയാക്കും എന്നിവയാണ് രാഹുലിന്റെ ഗ്യാരണ്ടി.
ഇന്നലെ നന്ദൂർബറിൽ ആദിവാസി ന്യായ് എന്ന പേരിൽ ആദിവാസി വിഭാഗങ്ങൾക്കായുളള പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. വനാവകാശ നിയമം ശക്തിപെടുത്തൽ, വനവിഭവങ്ങൾക്ക് താങ്ങുവില ഉറപ്പാക്കൽ എന്നിവയായിരുന്നു അത്. കർഷകർ, വനിതകൾ, യുവജനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായുളള ന്യായ് പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ഞായറാഴ്ച്ച മുംബൈയിൽ സമാപിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇവ പിന്നീട് കോൺഗ്രസിന്റെ പ്രകടന പത്രികയിലേക്ക് ഉൾപ്പെടുത്തും.