കൊടും വനത്തിൽ കാണാതായ സ്ത്രീകളെ തിരിച്ചെത്തിച്ചു.
കോതമംഗലം :കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതരായി തിരിച്ചെത്തി. വനത്തിൽ ദിശയറിയാതെ കുടുങ്ങിപ്പോയ മൂന്ന് പേരെയും വനംവകുപ്പുദ്യോഗസ്ഥരും മറ്റ് സുരക്ഷാ സേനകളും നാട്ടുകാരും ചേർന്ന് തിരിച്ചുകൊണ്ടുവരികയായിരുന്നു. . കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത് .ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്.
പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി…കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത് .പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് ഇന്നലെ വൈകുന്നേരം 4.15ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഫോണിലെ ചാർജ്ജ് തീർന്നതുകാരണം ബന്ധപ്പെടാൻ കഴിയാതെയായി.
ഒരു രാത്രിമുഴുവൻ പരസ്പ്പരം കാണാൻപോലും കഴിയാത്തത്ര കൂരിരുട്ടിൽ കഴിയുകയായിരുന്നുവെന്ന് സ്ത്രീകൾ പറഞ്ഞു . മൂന്നുപേരുടേയും ആരോഗ്യവസ്ഥ തൃപ്തികരമാണ്.