വനിതാ ഐപിഎല്ലിൽ മലയാളിത്തിളക്കം; ആശയ്ക്ക് അഞ്ച് വിക്കറ്റ്

0

ബംഗളൂരു: വിമെൻസ് പ്രീമിയർ ലീഗിന്‍റെ ആദ്യ ദിനം തിളങ്ങിയത് കേരള താരം എസ്. സജന ആ‍യിരുന്നെങ്കിൽ രണ്ടാം ദിനം മലയാളി താരം എസ്. ആശ‍യുടെ ഊഴം. ആശയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്‍റെ ബലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ ആദ്യ മത്സരത്തിൽ യുപി വാരിയേഴ്സിനെതിരേ രണ്ട് റൺസിന്‍റെ ആവേശകരമായ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. യുപിയുടെ മറുപടി 155/7 എന്ന നിലയിൽ ഒതുങ്ങി. ആശ തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.

ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്കു മുന്നേറുകയാണെന്നു തോന്നിച്ചിടത്തു നിന്നാണ് ആശ ഒറ്റയാൾ പ്രകടനത്തിലൂടെ ആർസിബിയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. തിരുവനന്തപുരത്തിനും കേരളത്തിനും വേണ്ടി കളിച്ചു തുടങ്ങി പിന്നീട് പുതുച്ചേരിയിലേക്കും റെയിൽവേസിലേക്കും മാറിയ ആശ ലെഗ് സ്പിന്നറും ലോവർ മിഡിൽ ഓർഡർ ബാറ്ററുമാണ്. മത്സരത്തിലാകെ നാലോവർ എറിഞ്ഞപ്പോൾ 22 റൺസ് വഴങ്ങിയാണ് ആശ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഇതിൽ രണ്ടാമത്തെ ഓവറിൽ രണ്ട് വിക്കറ്റും നാലാമത്തെ ഓവറിൽ മൂന്നു വിക്കറ്റും വീണു.

നേരത്തെ, ടോസ് നേടിയ യുപി വാരിയേഴ്സ് ക്യാപ്റ്റൻ അലിസ ഹീലി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എസ്. മേഘനയുടെയും (44 പന്തിൽ 53) റിച്ച ഘോഷിന്‍റെയും (37 പന്തിൽ 62) അർധ സെഞ്ചുറികൾ ആർസിബിയെ 20 ഓവറിൽ 157/6 എന്ന സ്കോറിലെത്തിച്ചു.

മറുപടി ബാറ്റിങ്ങിൽ യുപി ഒരു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ സുരക്ഷിതമായി മുന്നേറുമ്പോഴാണ് ആശ വിക്കറ്റ് വേട്ട തുടങ്ങുന്നത്. ആദ്യ പന്തിൽ സ്റ്റെപ്പൗട്ട് ചെയ്ത ഓപ്പണർ വൃന്ദ ദിനേശിനെ കബളിപ്പിച്ച പന്ത് വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്‍റെ ഗ്ലൗസിലെത്തി. സ്റ്റമ്പിങ്ങിൽ റിച്ചയ്ക്കു പിഴച്ചതുമില്ല. അപകടകാരിയായ തഹലിയ മക്ഗ്രാത്തിനെ മൂന്നാമത്തെ പന്തിൽ ക്ലീൻ ബൗൾ ചെയ്തുകൊണ്ട് ആശ യുപിക്കു നൽകിയത് ഇരട്ടി പ്രഹരം.

അതിനു ശേഷം ഗ്രേസ് ഹാരിസും (23 പന്തില് 38) ഇന്ത്യയുടെ മുൻ അണ്ടർ 19 ക്യാപ്റ്റൻ ശ്വേത ശെരാവത്തും (25 പന്തിൽ 31) തകർത്തടിച്ചു തുടങ്ങിയപ്പോൾ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ഥന വീണ്ടും ആശയെ പന്തേൽപ്പിച്ചു. ആ സമയം യുപിക്കു ജയിക്കാൻ ഓവറിൽ ശരാശരി എട്ടു റൺസിൽ താഴെ മാത്രമാണ് വേണ്ടിയിരുന്നത്. എന്നാൽ, ആശയുടെ നാലാം ഓവറിലെ ആദ്യ പന്തിൽ സ്മൃതിയുടെ അവിശ്വസനീയ ക്യാച്ചിൽ ശ്വേത പുറത്ത്. തൊട്ടടുത്ത പന്തിൽ കിരൺ നവഗിരെയെ എൽബിഡബ്ല്യുവിൽ കുടുക്കിയെങ്കിലും ഡിആർഎസ് വിധി മറിച്ചായിരുന്നു. എന്നാൽ, നാലാം പന്തിൽ ഗ്രേസ് ഹാരിസിനെ ക്ലീൻ ബൗൾ ചെയ്ത ആശയുടെ പന്ത് മത്സരത്തിന്‍റെ ഗതി തിരിക്കുക തന്നെ ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *