അന്യ സംസ്ഥാന തൊഴിലാളി സ്ത്രീയെസുഹൃത്ത് കൊലപെടുത്തി

ഇടുക്കി: അന്യ സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൊലപെടുത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ലോഹോ ഠാക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മദ്യപിച്ച രാജേഷ് സരസ്വതിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്‌ച രാത്രിയിലാണ് സംഭവം. അന്നേ ദിവസം രാവിലെ മുതൽ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്‌തിരുന്നു. ഈ സമയം മറ്റൊരു ആവശ്യത്തിന് ഇവിടെ എത്തിയ നെടുങ്കണ്ടം പൊലീസ് ഇവരോട് സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തു.
എന്നാൽ രാത്രിയോടെ രാജേഷ് വീണ്ടും മദ്യപിച്ച് സരസ്വതിയെ മർദ്ദിക്കുകയുമായിരുന്നു. കാപ്പി കമ്പ് ഉപയോഗിച്ച് സരസ്വതിയെ മർദ്ദിച്ച ശേഷം വീണുകിടന്ന സരസ്വതിയുടെ തലയിൽ ചവിട്ടി നിൽക്കുകയും ചെയ്‌തു. ആക്രമണ ദൃശ്യം ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. വീഴ്‌ചയിൽ തലയ്ക്ക് ഉണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം.
എട്ട് ദിവസം മുമ്പാണ് രാജേഷും സരസ്വതിയും ജോലി അന്വേഷിച്ച് നെടുങ്കണ്ടം പൊന്നാംകാണിയിലെ തോട്ടത്തിൽ എത്തിയത്. ഇവരുടെ ബന്ധുക്കൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരോടൊപ്പം താമസിച്ചു മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്‌ത് വരികയായിരുന്നു ഇരുവരും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.