ദുബായിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ദുബായ്∙ ദുബായിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്കേപ് ടവറിൽ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്ന് പുലർച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തിവിട്ടിട്ടില്ല.
എസ്കേപ് ടവറിന്‍റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ഒരു കഫെയ്ക്കരികിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 38–ാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് യുവതി വീണതെന്ന് സംശയിക്കുന്നു. പൊലീസും പാരാമെഡിക്കുകളും ഉടൻ സംഭവ സ്ഥലത്തെത്തി. രാവിലെ ഏഴരയോടെ രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.