വനിതാ ഡോക്ടറെ ബലാത്സംഗം കേസിൽ വിദ്യാർഥിയുടെ തിരോധാനത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ
കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടത്തിയ ദിവസം മുതൽ കാണാതായതായി ആരോപിക്കപ്പെടുന്ന മെഡിക്കൽ ഇന്റേൺ തന്റെ തിരോധാനത്തെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് ആരോപിച്ച് രംഗത്ത്. താൻ കോളജ് ഹോസ്റ്റലിൽ ആണെന്നും അന്വേഷണ ഏജൻസികളുമായി സഹകരിക്കുകയാണെന്നും വിദ്യാർഥി പറഞ്ഞു. കടുത്ത മാനസിക വിഷമത്തിലാണെന്നും തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും വിദ്യാർഥി അഭ്യർഥിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ആർജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പിജി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ‘‘സംഭവം നടന്ന ദിവസം മുതൽ ഞാൻ ഹോസ്റ്റലിൽ താമസിച്ചു വരികയാണ്. പൊലീസുമായി അന്വേഷണത്തിൽ സഹകരിച്ചിരുന്നു. ഞാൻ ഇതിനകം തന്നെ കടുത്ത മാനസിക വിഷമത്തിലാണ്. ഈ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് അഭ്യർഥിക്കുകയാണ്’’ – വിദ്യാർഥി ഫെയ്സ്ബുക്കിൽ കുറിച്ചു.
കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ മൂന്നു പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ വൊളന്റിയറായിരുന്ന സഞ്ജയ് റോയിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുന്നതിനു പൊലീസിനു ഞായറാഴ്ച വരെ സമയമുണ്ടെന്നും ഇല്ലെങ്കിൽ സിബിഐ അന്വേഷണം ഏറ്റെടുക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇരയെ കുറ്റപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് ഇന്നലെ രാജിവച്ചിരുന്നു. അന്വേഷണം നാലോ അഞ്ചോ ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പൊലീസ് വിശദീകരണം.